ആര്‍എസ്എസ് പ്രചാരണം ഫലം കാണുന്നു? ട്വിറ്ററില്‍ സിപിഎം താലിബാനിസം ടോപ് ട്രെന്‍ഡ്

സിപിഎം താലിബാനിസം എന്ന ഹാഷ് ടാഗില്‍ തുടങ്ങിയ ക്യാംപയ്ന്‍ ആണ് ശനിയാഴ്ച ട്വിറ്ററില്‍ ടോപ് ട്രെന്‍ഡ്
cpm_twitter
cpm_twitter

ന്യൂഡല്‍ഹി: കേരളത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന പ്രചാരണം ഫലം കാണുകയാണെന്ന സൂചന നല്‍കി സാമൂഹ്യ മാധ്യമങ്ങളില്‍ ഇതു വലിയ ചര്‍ച്ചയാവുന്നു. സിപിഎം താലിബാനിസം എന്ന ഹാഷ് ടാഗില്‍ തുടങ്ങിയ ക്യാംപയ്ന്‍ ആണ് ശനിയാഴ്ച ട്വിറ്ററില്‍ ടോപ് ട്രെന്‍ഡ്. സിപിഎമ്മിനെതിരെതിരെ വ്യാജ കണക്കുകളും വാര്‍ത്തകളുമെല്ലാം മുന്‍നിര്‍ത്തിയാണ് ട്വിറ്ററാറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്.

കേരളത്തില്‍ സിപിഎം വലിയ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കുറേനാളായി ആര്‍എസ്എസ് നേതൃത്വം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുള്ള കൊലപാതകങ്ങളും അക്രമ സംഭവങ്ങളും മറച്ചുവച്ചുകൊണ്ടാണ് ഈ പ്രചാരണം. ഇതിനായി വ്യാജമായ കണക്കുകളും ആര്‍എസ്എസ് നേതൃത്വം ഉപയോഗിക്കുന്നതായി സിപിഎം കുറ്റപ്പെടുത്തിയിരുന്നു. പാര്‍ലമെന്റില്‍ പല ബിജെപി നേതാക്കളും ഉദ്ധരിച്ചതു പോലും വ്യാജമായ കണക്കുകളാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

പാര്‍ലമെന്റില്‍ ഇക്കാര്യം ചൂടേറിയ വാഗ്വാദത്തിന് ഇടവയ്ക്കുകയും അതിനു പിന്നാലെ ദേശീയ മാധ്യമങ്ങള്‍ ഇതേറ്റെടുക്കുകയും ചെയതതിനു പിന്നാലെയാണ് ട്വിറ്ററില്‍ ഇതു ടോപ് ട്രെന്‍ഡ് ആയിരിക്കുന്നത്. ആര്‍എസ്എസ് നേതാക്കള്‍ ഉന്നയിച്ച കണക്കുകള്‍ക്കു പുറമേ സിപിഎം കൊലപ്പെടുത്തിയ പ്രവര്‍ത്തകരുടേതന്നെ പേരില്‍ പട്ടികയും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. കണ്ണൂരാണ് സിപിഎം അക്രമത്തിന്റെ കേന്ദ്രമെന്നും ഇപ്പോള്‍ അതു തിരുവനന്തപുരത്തേക്കു മാറിയിരിക്കുകയാണെന്നും ട്വീറ്റുകള്‍ പറയുന്നു.

1994 മുതല്‍ 2002 വരെ എണ്ണൂറിലേറെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ സിപിഎമ്മുകാരാല്‍ വധിക്കപ്പെട്ടിട്ടുണ്ട് എന്നതു മുതല്‍ മുസ്ലിം മത മൗലിക വാദികളുടെ സഹായത്തോടെയാണ് സിപിഎം കേരളത്തില്‍ അധികാരത്തില്‍ വന്നത് എന്നതു വരെ വ്യാജ കണക്കുകളും വ്യാജ വാര്‍ത്തകളും അണിനിരത്തിയാണ് ട്വീറ്റുകള്‍ പ്രചരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ സിപിഎമ്മിന് ഒരു പങ്കും ഉണ്ടായിരുന്നില്ലെന്നും ചൈനാ യുദ്ധകാലത്ത് രാജ്യത്തെ ഒറ്റുകൊടുക്കുന്ന പ്രവൃത്തിയാണ് കമ്യൂണിസ്റ്റുകാര്‍ നടത്തിയത് എന്ന മട്ടിലുളള ചര്‍ച്ചകളുമുണ്ട്. 

കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ട്വിറ്ററാറ്റി ഈവിഷയം സജീവമായി ഏറ്റെടുത്തത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ബിജെപി ഓഫിസിനു നേരെ നടന്ന ആക്രമണവുത്തിന്റെ വിഡിയോയും ട്വിറ്ററില്‍ സജീവമായി ഓടുന്നുണ്ട്.

ആര്‍എസ്എസ് രാഷ്ട്രപതി ഭരണ ആവശ്യം ഉന്നയിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം പ്രമുഖ ദേശീയ ടെലിവിഷന്‍ ചാനലുകള്‍ പ്രൈടൈമില്‍ ചര്‍ച്ച ചെയ്തത് കേരളത്തിലെ അക്രമ രാഷ്ട്രീയമായിരുന്നു. പാര്‍ലമെന്റിലും ദേശീയ മാധ്യമങ്ങളിലും ആര്‍എസ്എസ് പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സിപിഎമ്മിനു കഴിയുന്നില്ലെന്ന വാദം ഉയരുന്നതിനിടെയാണ് ദേശീയ തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഇതു സജീവ ചര്‍ച്ചാ വിഷയമാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com