

ഭില്‍വാര: പതിനഞ്ച് ദിവസത്തിനകം എല്ലാ വീടുകളിലും കക്കൂസ് നിര്‍മ്മിച്ചില്ലെങ്കില്‍ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് സബ് ഡിവിഷണല്‍ ഓഫിസറുടെ ഓര്‍ഡര്‍. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് ഗ്രാമവാസികള്‍ക്ക് അത്യധികം ദ്രോഹപരമായ നടപടിയുമായി ജാസ്പൂര്‍ എസ്ഡിഒ കര്‍ത്താര്‍ സിങ് രംഗത്തെത്തിയിരിക്കുന്നത്. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നത് തടയാനായുള്ള സ്വച്ച് ഭാരത് അഭിയാന്‍ പദ്ധതിയുടെ പശ്ചാത്തലത്തിലാണ് എസ്ഡിഒ ഇത്തരമൊരു നടപടിയുമായി മുന്നോട്ട് പോകുന്നത്.
ഗംഗിതല ഗ്രാമത്തില്‍ 19 ശതമാനം വീടുകളിലേ ബാത്ത്‌റൂം സൗകര്യമുള്ളൂ എന്ന് കണ്ടെത്തി കഴിഞ്ഞ ആഴ്ചയാണ് എസ്ഡിഒ ഈ ഓര്‍ഡര്‍ പുറപ്പെടുവിച്ചത്. ഗ്രാമത്തിലെ ഭൂരിപക്ഷം ആളുകളും പൊതുസ്ഥലത്താണ് പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച പൊതുസ്ഥലത്ത് പ്രാഥമികകൃത്യം നടത്തിയതിന് ഗംഗിതല പൈപുലന്‍ഡ് ഗ്രാമത്തില്‍ നിന്ന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവര്‍ക്കെതിരെ സമാധാനം തടസ്സപ്പെടുത്തിയതിന് സെക്ഷന്‍ 151 പ്രകാരം കേസെടുക്കുകയും ചെയ്തു. അന്ന് വൈകുന്നേരത്തോടെയാണ് ഇവര്‍ക്ക് ജാമ്യം കിട്ടിയത്.
പതിനഞ്ച് ദിവസത്തിനുള്ളില്‍ തങ്ങളുടെ വീടുകളില്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കാമെന്നും ദിവസേന അത് ഉപയോഗിക്കാമെന്നും ഉറപ്പ് നല്‍കിയതിന് ശേഷമാണ് അറസ്റ്റ് ചെയ്ത ആറ് ഗ്രാമവാസികളെയും പൊലീസ് വിട്ടയച്ചത്. പൊതുസ്ഥലത്ത് പ്രാഥമിക കാര്യങ്ങള്‍ നടത്തി എന്ന കൃത്യം ചെയ്തതിന് മാത്രമാണ് ഭരണകൂടം ഇവരെ അറസ്റ്റ് ചെയ്ത് ഒരു പകല്‍ മുഴുവന്‍ സ്റ്റേഷനില്‍ നിര്‍ത്തിയെന്നുള്ള കാര്യം ദൗര്‍ഭാഗ്യകരമാണ്.
ഭരണകൂടത്തിന്റെ ഈ നടപടി തികച്ചും ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് ജാസ്പൂര്‍ എംഎല്‍എ ധീരജ് ഗുജ്ജാര്‍ ഇതിനോട് പ്രതികരിച്ചത്. മര്യാധയ്ക്ക് കുടിവെള്ളം പോലും ലഭ്യമാകാത്ത ഗ്രാമവാസികള്‍ എങ്ങനെ ടോയ്‌ലെറ്റ് നിര്‍മ്മിച്ച് അത് എന്നും ഉപയോഗിക്കും. ടോയ്‌ലെറ്റ് നിര്‍മ്മിക്കുകയാണെങ്കില്‍ അതിന്റെ ചെലവ് സര്‍ക്കാര്‍ തന്നെ നോക്കണമെന്നും ഗുജ്ജാര്‍ വ്യക്തമാക്കി.
ആദ്യം സര്‍ക്കാര്‍ പാവപ്പെട്ട ഗ്രാമവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കട്ടെ. അതുപോലും സാധ്യമാകാത്ത നിഷ്‌കളങ്കരായ ഗ്രാമവാസികളെ ടോയ്‌ലറ്റ് ഇല്ലാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തും വൈദ്യുതി വിച്ഛേദിച്ചും ദ്രോഹിക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates