മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ബിജെപിയുടേതല്ല: ഹരിയാന ഹൈക്കോടതി

ഗുര്‍മീത് റാം റഹീമിനെതിരായ കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് ഹരിയാന ഹൈക്കോടതി.
മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ബിജെപിയുടേതല്ല: ഹരിയാന ഹൈക്കോടതി

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീമിനെതിരായ കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് ഹരിയാന ഹൈക്കോടതി. ബലാത്സംഗക്കേസില്‍ പ്രതിയായ ആള്‍ദൈവം ഗുര്‍മീത് രാം രഹിം സിങ്ങിന്റെ അനുയായികള്‍ അഴിച്ചു വിട്ട അക്രമണത്തില്‍  31 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സര്‍ക്കാരുകളെ വിമര്‍ശിച്ചത്. 

കലാപവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. കലാപം സംസ്ഥാനത്തിന്റെ മാത്രം പരിധിയില്‍പ്പെട്ട കാര്യമാണെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ കോടതി പൊട്ടിത്തെറിച്ചു. ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേയെന്ന് ചോദിച്ച കോടതി എന്തുകൊണ്ടാണ് പഞ്ചാബിനെയും ഹരിയാനയെയും രണ്ടാനമ്മയുടെ മക്കളെപ്പോലെ പരിഗണിക്കുന്നതെന്ന് ചോദിച്ചു. കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ ഹരിയാന മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. കലാപം അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി അക്രമത്തിന് കൂട്ടുനിന്നുവെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. രാഷ്ട്രീയ നേട്ടത്തിനായി നിങ്ങള്‍ നഗരത്തെ കത്തിക്കാന്‍ കൂട്ടുനിന്നു. കലാപം രൂക്ഷമാക്കാന്‍ നിങ്ങള്‍ അനുവദിച്ചു. സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങിയതായാണ് കാണാന്‍ കഴിഞ്ഞത്. കോടതി വിമര്‍ശിച്ചു.

ഹൈക്കോടതി വിധി കേല്‍ക്കാന്‍ ദേറാ ആസ്ഥാനത്ത് നിന്ന് പാഞ്ച്ഗുളയിലേക്ക് പ്രവേശിക്കുമ്പോള്‍ റാം രഹിം സിങ്ങിന് എത്ര അകമ്പടി വാഹനങ്ങളാണുണ്ടായിരുന്നതെന്നും കോടതി ആരാഞ്ഞു. സംഭവത്തെ മുഖ്യമന്ത്രി എംഎല്‍ ഖട്ടാര്‍ അപലപിച്ചെങ്കിലും അനുയായികള്‍ക്കിടയിലേക്ക് കടന്നു കൂടിയ കുറ്റവാളികളാണ് അക്രമങ്ങള്‍ അഴിച്ചു വിട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പിന്നീടത്തെ നിലപാടി.

അതേസമയം സംസ്ഥാനത്തിനും പൊതു സ്വത്തിനും ഉണ്ടായ വന്‍ നാശനഷ്ടത്തിന്റെ എല്ലാ ചിലവുകളും ദേരാ സച്ചാ സൗധ സംഘടനയില്‍ നിന്ന് പിടിച്ചെടുക്കണമെന്നും കോടതി വിധിച്ചു. 15 ഓളം ദേരാ സച്ചാ പ്രവര്‍ത്തകരാണ് ഇതിനോടകം അറസ്റ്റിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com