

ന്യൂഡല്‍ഹി : മുസ്ലിങ്ങള്‍ക്കിടയിലുള്ള മുത്തലാഖ് ഒരാളെ കൊല്ലുന്നതിനേക്കാള്‍ മോശമായ പ്രവര്‍ത്തിയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന രീതി മുസ്ലീങ്ങള്‍ക്കിടയിലുണ്ട്. ഇത് ആ സ്ത്രീകളെ കൊല്ലുന്നതിനേക്കാള്‍ കഷ്ടമായ അവസ്ഥയാണ് ഉണ്ടാക്കുന്നതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ശീതകാല സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
മുത്തലാഖിനെതിരായ ബില്‍ സര്‍ക്കാര്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ആഗസ്റ്റില്‍ സുപ്രീംകോടതി ചരിത്രപരമായ വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയപരാമര്‍ശങ്ങള്‍ കൊണ്ട് മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ച ബിജെപി നേതാവാണ് ഗിരിരാജ് സിംഗ്.
രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറയുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഗിരിരാജ് സിംഗ് കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്നതാണ് രാജ്യത്തെ ജനാധിപത്യത്തിന് ഹിതകരം. ഹിന്ദു ജനസംഖ്യ താണുപോകുന്നതോടെ, ജനാധിപത്യം, വികസനം, സാമൂഹ്യഐക്യം എന്നിവ അപകടത്തിലാകും. കേരളം, യുപി, പശ്ചിമബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം രാജ്യത്തെ 54 ജില്ലകളില്‍ ഹിന്ദു ജനസംഖ്യ താഴുകയാണ്. ഇവിടെയെല്ലാം മുസ്ലീം ജനസംഖ്യയാണ് ഉയരുന്നത്. ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതായും ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates