പാക്കിസ്ഥാന് എതിരെ ഇന്ത്യ യുദ്ധം പ്രഖ്യാപിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

കുല്‍ഭൂഷന്‍ ജാദവ് വിഷയത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി
പാക്കിസ്ഥാന് എതിരെ ഇന്ത്യ യുദ്ധം പ്രഖ്യാപിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: കുല്‍ഭൂഷന്‍ ജാദവ് വിഷയത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്നും ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാന്‍ അപമാനിച്ചെന്ന വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചു. 

യുദ്ധത്തിനുള്ള നടപടികള്‍ ഗൗരവമായി ഇപ്പോള്‍ത്തന്നെ തുടങ്ങണം. കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാന്‍ അപമാനിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചു. സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകള്‍ തിരികെ ലഭിച്ചതുമില്ല.

അതേസമയം, നടപടി വളരെ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സ്വാമി പ്രതികരിച്ചു. അതു നമ്മളെ വേദനിപ്പിച്ചു. അവര്‍ക്കെതിരെ യുദ്ധം നടത്തേണ്ട കാലം അതിക്രമിച്ചു. അവരെ നാലു കഷ്ണങ്ങളാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ചൊവ്വാഴ്ച അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് ഇന്ത്യയുടെ തക്ക മറുപടിയാണെന്നായിരുന്നു സ്വാമിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com