എബിവിപിയെ ഭയമില്ല; ക്യാംപെയ്‌നുമായി വിദ്യാര്‍ഥിനി

എബിവിപിയെ ഭയമില്ലെന്ന ക്യാംപെയ്‌നുമായി കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിത്വം വഹിച്ച സൈനീകന്റെ മകള്‍
എബിവിപിയെ ഭയമില്ല; ക്യാംപെയ്‌നുമായി വിദ്യാര്‍ഥിനി

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള എബിവിപിയുടെ ആക്രമണങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ ക്യാംപെയിനിനു തുടക്കമിട്ട് കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിത്വം വഹിച്ച സൈനീകന്റെ മകള്‍.

രാജ്യത്തെ ജനങ്ങളുടെ ആശയങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എതിരെ ആക്രമണം നടത്തുന്ന എബിവിപിയെ ഭയക്കുന്നില്ലെന്ന പ്ലെക്കാര്‍ഡ് ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോയാക്കി ഗുര്‍മേഹര്‍ കൗറാണ് ക്യാംപെയിനിന് തുടക്കമിട്ടിരിക്കുന്നത്. 

ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ എബിവിപി സൃഷ്ടിച്ച സംഘര്‍ഷത്തിനെതിരെയാണ് ഗുര്‍മേഹറിന്റെ പ്രതിഷേധം. നിങ്ങളെറിഞ്ഞ കല്ലുകള്‍ ഞങ്ങളുടെ ശരീരത്തില്‍ കൊണ്ടു, പക്ഷെ ഞങ്ങളുടെ ആശയങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കാന്‍ അവയ്ക്കാകില്ലെന്ന് ഗുര്‍മേഹര്‍ പറയുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് താന്‍. എബിവിപിയെ താന്‍ ഭയക്കുന്നില്ല. ഞാന്‍ തനിച്ചല്ല, രാജ്യത്തെ എല്ലാ വിദ്യാര്‍ഥികളും തന്നോടൊപ്പമുണ്ടെന്നുമാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫോട്ടോയില്‍ ഗുര്‍മേഹര്‍ കുറിച്ചിരിക്കുന്നത്. ഗുര്‍മേഹറിന്റെ ക്യാംപെയിന്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പ്രതിഷേധങ്ങളുടെ സംസ്‌കാരം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ക്ഷണിച്ചതിനെതിരെയാണ് പ്രതിഷേധവുമായി എബിവിപി രംഗത്തെത്തിയത്. പിന്നീടത് എഐഎസ്എയും എബിവിപിയും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ഥികള്‍ സമാനമായ പ്ലെക്കാര്‍ഡുമായി പ്രൊഫൈല്‍ ഫോട്ടോ മാറ്റുന്നു. ഗുര്‍മേഹറിന്റെ ഫോട്ടോ മൂവായിരത്തിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com