

ന്യൂഡല്‍ഹി: സ്വകാര്യതയ്ക്കുള്ള അവകാശം പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. ആധാറിന്റെ ഭരണഘടനാ സാധുത നിശ്ചയിക്കുന്നതിനു മുന്നോടിയായി സ്വകാര്യത മൗലികാവകാശമാണോയെന്ന് പരിശോധിക്കാനായി വാദം കേള്‍ക്കുന്ന ഒമ്പതംഗ ബഞ്ചിന്റേതാണ് നിരീക്ഷണം. സ്വകാര്യത മൗലികാവകാശമല്ലെങ്കില്‍ മറ്റ് അവകാശങ്ങളുടെ അവസ്ഥ എന്താകും എന്ന നിരീക്ഷണം ബെഞ്ചിലെ ഒരംഗമായ ജസ്റ്റിസ് ബോബ്‌ഡെ രാവിലെ വാദം കേള്‍ക്കുന്നതിനിടെ ഉന്നയിച്ചിരുന്നു. ഇന്നത്തെ വാദം കേട്ട് പിരിയുന്നതിന് മുമ്പാണ് ബഞ്ച് സ്വകാര്യത പരമമായ അവകാശമല്ലെന്ന് നിരീക്ഷണം നടത്തിയിരിക്കുന്നത്.
'സ്വകാര്യതയ്ക്കുള്ള അവകാശം എന്നത് പരമമായ അവകാശമല്ല. മൗലികാവകാശമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ല. മറ്റ് പല കാര്യങ്ങളും സ്വകാര്യത എന്ന കാര്യത്തിനകത്ത് നരുന്നുണ്ട് എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. വാദം നാളെയും തുടരും.
ആധാര്‍ പൗരന്റെ സ്വകാര്യത ലംഘിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഉയര്‍ന്നുവന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വകാര്യത മൗലികാവകാശമാണോയെന്ന് പരിശോധിക്കുന്നതിനാണ് സുപ്രീംകോടതി ഒമ്പതംഗ വിശാല ബഞ്ചിനെ നിയോഗിച്ചത്.സ്വകാര്യത ഭരണഘട അനുശാസിക്കുന്ന മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. സ്വകാര്യത മൗലികാവകാശമാണോയെന്ന കാര്യത്തില്‍ വിശാല ബഞ്ച് തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷമാകും ആധാറിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി നിശ്ചയിക്കുന്നത്.
ഭരണഘടാപരമായ മൗലികാവകാശങ്ങളുടെ പട്ടികയില്‍ സ്വകാര്യതയ്ക്കുള്ള അവകാശമില്ലയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ആധാറുമായി ബന്ധപ്പെട്ട് പൗരന്‍രെ സ്വകാര്യത ഹനിക്കുന്നുവെന്ന തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. പല കമ്പനികളും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത് മാധ്യമങ്ങള്‍ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദം തുടങ്ങിയ ഗോപാല്‍ സുബ്രഹ്മണ്യം സ്വകാര്യതയ്ക്കുള്ള അവകാശം സര്‍ക്കാരിന്റെ ആനുകൂല്യമല്ലെന്നും പൗരന്റെ അവകാശമാണെന്നും ചൂണ്ടിക്കാട്ടി. സ്വകാര്യത മറ്റ് അവകാശങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട കാര്യമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന സവിശേഷ അവകാശമായ സ്വതാന്ത്ര്യത്തിന്റെ പ്രധാന ഘടകമാണ്. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികള്‍ സ്വകാര്യതയെയും ഇല്ലാതാക്കും,അദ്ദേഹം ചൂണ്ടിക്കാട്ടി.
1954 ലെ എം.പി ശര്‍മ്മ കേസിലെയും 62 ലെ ഖരഖ് സിങ് കേസിലെയും സ്വകാര്യത മൗലികാവകാശമല്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധികളെ പൊതുവല്‍ക്കരിക്കാന്‍ കഴിയില്ല.1978 ലെ മേനകഗാന്ധി കേസിലെ വിധിക്ക് ശേഷം തുല്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശങ്ങളെ ഒരുമിച്ചു വായിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates