രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

കെ.ആര്‍.നാരായണന് ശേഷം രാഷ്ട്രപതി ഭവനിലേക്ക് എത്തുന്ന ദളിത് വ്യക്തിയാണ് രാംനാഥ് കോവിന്ദ്
രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ മീരാ കുമാറിനെ തോല്‍പ്പിച്ചാണ് കോവിന്ദ് രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നത്. 

കെ.ആര്‍.നാരായണന് ശേഷം രാഷ്ട്രപതി ഭവനിലേക്ക് എത്തുന്ന ദളിത് വ്യക്തിയാണ് രാംനാഥ് കോവിന്ദ്. 65.65 ശതമാനം വോട്ടുകളാണ് രാംനാഥ് കോവിന്ദ് നേടിയത്. ജൂലൈ 24ന് പ്രണബ് മുഖര്‍ജി സ്ഥാനം ഒഴിയുന്നതോടെ ജൂലൈ 25ന് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 702044 വോട്ടുകളാണ് രാംനാഥ് കോവിന്ദന് ലഭിച്ചത്. 367314 വോട്ടുകളാണ് മീരാ കുമാറിന് ലഭിച്ചത്. മീരാകുമാറിന് ആന്ധ്രാപ്രദേശില്‍ നിന്നും ഒരു വോട്ടും ലഭിക്കാതിരുന്നപ്പോള്‍, പ്രതിപക്ഷത്ത് നിന്നും കൂറുമാറി കോവിന്ദിന് വോട്ട് ലഭിച്ചു.

522 എംപിമാരുടെ വോട്ടുകള്‍ കോവിന്ദിന് ലഭിച്ചപ്പോള്‍ 225 എംപിമാരാണ് മീരാ കുമാറിന് അനുകൂലമായി വോട്ട് ചെയ്തത്.നിതീഷ് കുമാറിന്റെ ജെഡിയുവും, എന്‍ഡിഎ സഖ്യവുമായി കലഹിച്ചു നില്‍ക്കുന്ന ശിവസേനയും കോവിന്ദിനെ പിന്തുണച്ചു. കേരളത്തില്‍ നിന്നും മാത്രമാണ് മീരാകുമാറിന് വ്യക്തമായ മേല്‍ക്കൈ നേടാനായത്. ഗോവ, ജാര്‍ഖണ്ഡ, ഗുജറാത്ത് എന്നിവിടങ്ങളിലുണ്ടായ അടിയൊഴുക്കുകള്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്തു.

അഭിഭാഷകന്‍, ദളിത് നേതാവ്, ഹിന്ദുത്വ ആശയങ്ങളുടെ വക്താവ്, ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നിങ്ങനെ ചുരുക്കി പറയാം ഇന്ത്യയുടെ നിയുക്ത രാഷ്ട്രപതിയെ കുറിച്ച്. 1998 മുതല്‍ 2002 വരെ രണ്ട് തവണ ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോവിന്ദ് 1994 മുതല്‍ 2006 വരെ പന്ത്രണ്ട് വര്‍ഷം സഭയില്‍ അംഗമായി തുടര്‍ന്നു. 

1998 മുതല്‍ 2002 വരെ ബിജെപിയുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ് മോര്‍ച്ചയുടെ തലവനായിരുന്നു. ബിജെപിയുടെ പാര്‍ട്ടി വക്താവായിരുന്ന കോവിന്ദിനെ ഒരു ഘട്ടത്തില്‍ മായാവതിക്ക് പകരക്കാരനായി വരെ പാര്‍ട്ടി യുപിയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com