ഹിന്ദുസേന സംഘ്പരിവാറിന്റെ അപ്രഖ്യാപിത ഗുണ്ടാസേന

സംഘ്പരിവാര്‍ സംഘടനകളുടെ രാഷ്ട്രീയത്തിനെതിരായി ജനാധിപത്യനിലപാട് സ്വീകരിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ 
ഹിന്ദുസേന സംഘ്പരിവാറിന്റെ അപ്രഖ്യാപിത ഗുണ്ടാസേന

ന്യൂഡെല്‍ഹി: സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റം നടത്തിയ ഹിന്ദുസേനാ പ്രവര്‍ത്തകരുടെ ആക്രമണം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണ് സംഘടനയുടെ ഇന്നലെകള്‍. കടുത്ത മുസ്ലീം വിരോധവും തീവ്രഹിന്ദുനിലപാടുകളുമാണ് എന്നും ഈ സംഘ്പരിവാര്‍ സംഘടനയുടെ കൈമുതല്‍.

പാക്കിസ്ഥാന്‍ വിഷയത്തില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടുകളും ബീഫ് വിഷയത്തില്‍ സിപിഎം നടത്തിയ പ്രതിരോധസമരവും കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളുമാണ് ഇത്തരം നടപടിയിലേക്ക് ഹിന്ദുസേന പ്രവര്‍ത്തകരെ കൊണ്ടെത്തിച്ചതെന്നാണ് സംഘടനയുടെ അവകാശവാദം. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളുടെ രാഷ്ട്രീയത്തിനെതിരായി ജനാധിപത്യനിലപാട് സ്വീകരിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

കേരള ഹൗസില്‍ പശുവിറച്ചി വിളമ്പുന്നു എന്നായിരുന്നു നേരത്തെ ഹിന്ദുസേനാ പ്രവര്‍ത്തകരുടെ ആരോപണം. ഇത് സംബന്ധിച്ച് ദില്ലി പൊലീസിന് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കുറെക്കാലം കേരളാ ഹൗസിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കുകയും ചെയ്തിരുന്നു. 

ബീഫ് പാര്‍ട്ടി നടത്തിയതിനു ആക്രമിക്കപ്പെട്ട കാഷ്മീര്‍ നിയമസഭയിലെ സ്വതന്ത്ര എംഎല്‍എ അബ്ദുല്‍ റഷീദിനു നേരെ ഡല്‍ഹിയില്‍ വെച്ച് കരി ഓയില്‍ ഒഴിച്ചതും ഹിന്ദുസേനാ പ്രവര്‍ത്തകരായിരുന്നു. പശുക്കളെ കടത്തിയെന്നാരോപിച്ചു കാഷ്മീരില്‍ ട്രക്ക് െ്രെഡവര്‍ കൊല്ലപ്പെട്ടതില്‍ രൂക്ഷമായി പ്രതികരിച്ചതായിരുന്നു ഇദ്ദേഹത്തിനെതിരെ ആക്രമണം നടത്താന്‍ ഹിന്ദുസേനയെ പ്രേരിപ്പിച്ചത്. ഉധപുരില്‍ ആക്രമണത്തിനിരയായി മരിച്ച ട്രക്ക് െ്രെഡവറുടെ ബന്ധുക്കളോടൊപ്പം പത്രസമ്മേളനം നടത്തുന്നതിനിടെയായിരുന്നു കരിഒായില്‍ പ്രയോഗം. 

അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപിന്റെ പിറന്നാള്‍ ദിനത്തില്‍ ജന്തര്‍മന്ദിറില്‍ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചും ഹിന്ദുസേനാ പ്രവര്‍ത്തകര്‍ സജീവമായിരുന്നു.  മുസ്ലീം തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന മിശിഹാ എന്ന വിശേഷണമാണ് അന്ന് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ട്രംപിന് നല്‍കിയത്. കൂടാതെ മനുഷ്യകുലത്തിന്റെ സംരക്ഷകനാണ് ട്രംപെന്നും ഹിന്ദുസേനാ പ്രവര്‍ത്തകര്‍ പറയുന്നു. ഇസ്ലാമിക് തീവ്രവാദത്തിനെതിരെ പ്രതികരിക്കുന്ന ട്രംപാണ് തങ്ങളുടെ ഹീറോ എന്നായിരുന്നു ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയുടെ അഭിപ്രായം.

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഡല്‍ഹിയിലെ ഓഫീസ് ആക്രമിച്ചതും ഹിന്ദുസേനാ പ്രവര്‍ത്തകരായിരുന്നു. എട്ടംഗസംഘമായിരുന്നു അന്ന് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരരെ പിടികൂടാന്‍ പാകിസ്താന്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 

കൊച്ചിയിലെ ചുംബന സമരത്തിന് പിന്തുണയര്‍പ്പിച്ച് ഡല്‍ഹിയില്‍ നടന്ന ചുംബനസമരത്തിന് നേരെയും ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യകളിക്കരുതെന്നും ഹിന്ദുസേന ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ നീളുന്ന സംഘ്പരിവാര്‍ സംഘടനയായ ഹിന്ദുസേനയുടെ ആക്രമണ പരമ്പരകള്‍. അതേസമയം ആര്‍എസ്എസ് സിന്ദാബാദ് എന്ന് വിളിക്കുന്നവര്‍ എല്ലാവരും ആര്‍എസ്എസ് അല്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com