കശാപ്പു നിയന്ത്രണം: മേഘാലയയില്‍ 5000 പേര്‍ ബിജെപി വിട്ടു

ജനങ്ങളുടെ ആഹാര ശീലങ്ങളില്‍ കൈകടത്തുന്നതാണ് കേന്ദ്ര വിജ്ഞാപനമെന്ന് കുറ്റപ്പെടുത്തിയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്
കശാപ്പു നിയന്ത്രണം: മേഘാലയയില്‍ 5000 പേര്‍ ബിജെപി വിട്ടു


ഷില്ലോങ്: കശാപ്പു നിയന്ത്രണ വിജ്ഞാപനം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കു വന്‍ തിരിച്ചടിയാവുന്നു. രണ്ടു ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെ തുര മേഖലയില്‍ അയ്യായിരത്തിലേറെ പ്രവര്‍ത്തകര്‍ ബിജെപി വിടുന്നതായി പ്രഖ്യാപിച്ചു. ജനങ്ങളുടെ ആഹാര ശീലങ്ങളില്‍ കൈകടത്തുന്നതാണ് കേന്ദ്ര വിജ്ഞാപനമെന്ന് കുറ്റപ്പെടുത്തിയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്.

ബീഫ് ഭക്ഷിക്കുന്ന ഗോത്ര വിഭാഗങ്ങളെയും മറ്റു ജനങ്ങളെയും അടിച്ചമര്‍ത്തുന്ന സമീപനമാണ് ബിജെപിയുടേതെന്ന് തുര സിറ്റി ബിജെപി യുവജനവിഭാഗം പ്രസിഡന്റ് ഗ്രഹാം ഡാന്‍ഗോ പറഞ്ഞു. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് അഞ്ചു മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടതായും അയ്യായിരത്തിലേറെ പേര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചതായും ഡാന്‍ഗോ പറഞ്ഞു. 

ജനങ്ങളുടെ വികാരം വച്ചുകളിക്കാനാവില്ല. രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തിയുള്ള ബിജെപിയുടെ സമീപനത്തോട് ഇനിയും ചേര്‍ന്നുനില്‍ക്കാനാവില്ലെന്നും ഡാന്‍ഗോ വ്യക്തമാക്കി. ഗോത്രവിഭാഗത്തിന്റെ വികാരങ്ങള്‍ക്കെതിരെ ആരു നിലപാടെടുത്താലും എതിര്‍ക്കും. ഗോത്രഭൂമി സംരക്ഷിക്കാന്‍ എന്തുവില കൊടുക്കാനും തയാറാണെന്ന് ബിജെപി യുവജന വിഭാഗത്തില്‍നിന്നു രാജി പ്രഖ്യാപിച്ച ഡാന്‍ഗോ അറിയിച്ചു. 

ബിജെപി ജില്ലാ പ്രസിഡന്റുമാരായ ബച്ചു മാരക്, ബെര്‍നാഡ് മാരക് എന്നിവര്‍ നേരത്തെ പാര്‍ട്ടിയില്‍നിന്നു രാജി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര വി്ജഞാപനം പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് മേഘാലലയിയലെ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ജനങ്ങളെ നേരിട്ടു ബാധിക്കുന്നതാണ് കേന്ദ്ര വിജ്ഞാപനമെന്നും സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കള്‍ക്കും അതില്‍ അതൃപ്തിയുണ്ടെന്നും മേഘാലയ ബിജെപി വൈസ് പ്രസിഡന്റ് ജോണ്‍ അന്റോണിയോസ് ലിങ്‌ദോ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com