

മധ്യപ്രദേശില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ജീവിക്കാന്‍ ഒരുവഴിയുമില്ലാതെ മൂന്ന് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. മധ്യപ്രദേശില്‍ കര്‍ഷകര്‍ കയറെടുക്കുന്നത് ഈ അടുത്ത കാലത്തുണ്ടായ സംഭവമല്ല.നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 9 വര്‍ഷത്തിനിടെ 11,000 കര്‍ഷകരാണ് മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ വാക്കുകള്‍ കര്‍ഷകര്‍ പാടെ തള്ളിക്കള്ളയുന്നതും ഇതുകൊണ്ടാണ്. ശിവ്‌രാജ് സിംഗ് ചൗഹാന്‍ 11 വര്‍ഷം ഭരിച്ചിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല എന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്‍ജവം കാട്ടാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്നും അവര്‍ പറയുന്നു.
ആത്മഹത്യകള്‍ കണക്കുകളെക്കാള്‍ വലുതാണെന്നും സംഖ്യ കുറച്ചുകാണിക്കാന്‍ സര്‍ക്കാര്‍ പല മരണങ്ങളും അടയാളപ്പെടുത്താറില്ലായെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. മരിച്ച ശേഷം കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുന്നതിലും നല്ലത് കര്‍ഷകര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നത് തടയാന്‍ കടങ്ങള്‍ എഴുതിത്തള്ളുകയല്ലേയെന്നാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ ചോദിക്കുന്നത്. 23 ലക്ഷം കര്‍ഷകരാണ് മധ്യപ്രദേശില്‍ കാര്‍ഷിക ലോണുകള്‍ എടുത്തിട്ടുള്ളത്.
ലോണുകള്‍ എടുത്ത് കൃഷി നടത്തിയ ഉത്പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ വേണ്ടത്ര പണം ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന് പിന്നാലെയാണ് മധ്യപ്രദേശിലും കര്‍ഷക സമരം പൊട്ടിപ്പുറപ്പെട്ടത്. മന്ദസൗറില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ ആറ് കര്‍ഷകര്‍ മരിച്ചിരുന്നു. തുടര്‍ന്ന്‌സമരം രൂക്ഷമാക്കിയ കര്‍ഷകരെ തണുപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ നിരാഹാര സമരവുമായി രംഗത്തെത്തി. കര്‍ഷക സമരം ശക്തി പ്രാപിച്ചു വരുമ്പോഴും കര്‍ഷകര്‍ ആത്മഹത്യകള്‍ക്ക് കുറവു വന്നില്ല. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ആണയിട്ട് പറഞ്ഞുകൊണ്ടിരുന്നപ്പോഴും കൃഷി മന്ത്രി പറഞ്ഞത് കര്‍ഷക കടങ്ങല്‍ എഴുതിത്തള്ളാന്‍ കഴിയില്ല എന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം വന്നതോടെയാണ് കര്‍ഷകര്‍ ദുരിതത്തിലേക്ക് വലിച്ചെറിയപ്പെട്ടതെന്ന് മാധ്യമങ്ങള്‍ കണക്കുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളും,സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും,ഉത്പാദനച്ചിലവിന്റെ പകുതി കൂടി ചേര്‍ത്ത് താങ്ങുവില വര്‍ദ്ധിപ്പിക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലെത്തിയപ്പോല്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നുമാത്രമല്ല കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തണം എന്നുകൂടി പറഞ്ഞു കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ പത്തു സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം വ്യാപകമായിരിക്കുകയാണ്. അതും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ശക്തമായ സമരങ്ങള്‍ നടക്കുന്നത്.
രാജ്യത്ത് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി റെയില്‍, റോഡ് ഉപരോധ സമരത്തിന്
കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates