യുപിയില്‍ അറവുശാലകള്‍ പൂട്ടുന്നതോടെ 25 ലക്ഷത്തോളം ആളുകള്‍ക്ക് തൊഴില്‍നഷ്ടമാകും

അറവുശാലകള്‍ അടച്ചുപൂട്ടുന്നതോടെ 25 ലക്ഷം ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നത്. 
യുപിയില്‍ അറവുശാലകള്‍ പൂട്ടുന്നതോടെ 25 ലക്ഷത്തോളം ആളുകള്‍ക്ക് തൊഴില്‍നഷ്ടമാകും

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ അറവുശാലകള്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ ഗോസംരക്ഷക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അറവുശാലകള്‍ക്ക് തീയിടുകയുമുണ്ടായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പത്രികയിലെ ഒരു വാഗ്ദാനം തന്നെ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുമെന്നായിരുന്നു. യുപിയിലെ മുസ്‌ലീം സമുദായത്തില്‍ ഉള്‍പ്പെട്ടവരെയാണ് ഇത് മോശമായി ബാധിക്കുക. ഭൂരിഭാഗം അറവുശാലകളിലും ജോലി ചെയ്യുന്നത് മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ്. 

ഇന്ത്യയിലെ ഏറ്റവും വലിയ ഇറച്ചി വിപണിയാണ് യുപി. രാജ്യത്ത് 72 ഗവണ്‍മെന്റ് അംഗീകൃത അറവുശാലകളുള്ളതില്‍ 38 എണ്ണവും ഉത്തര്‍പ്രദേശിലാണ്. ഇതില്‍ അധികവും വന്‍കിട പ്ലാന്റുകളാണ്. ദൈനംദിന ഉപയോഗത്തിനെന്നതിനുപരി വിദേശത്തേക്ക് മാംസം കയറ്റുമതി ചെയ്യുന്നതിലാണ് ഭൂരിപക്ഷം അറവുശാലകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ ലൈസന്‍സ് ഇല്ലാത്ത അറവുശാലകള്‍ പെരുകുന്നതും.

വിലക്കുറവും ഹലാല്‍ രീതിയില്‍ അറക്കുമെന്നതിനാലുമാണ് ഇന്ത്യയില്‍ നിന്നുള്ള മാംസത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രിയമേറുന്നത്. ആവശ്യമേറുന്നതിനാല്‍ തന്നെ എത്ര അനധികൃത അറവുശാലകള്‍ ഉണ്ടാകുമെന്നതില്‍ കൃത്യതയില്ല. ലൈസന്‍സില്ലാത്ത 140 അറവുശാലകളും 50000 ഇറച്ചിക്കടകളുമുണ്ടെന്നാണ് കണക്ക്. രാജ്യത്ത് ഓരോ വര്‍ഷവും 26685 കോടി രൂപയുടെ ഇറച്ചി കയറ്റുമതി നടക്കുന്നുണ്ടെന്നാണ് വിവരം. അതില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 11350 രൂപയുടെ കയറ്റുമതിയും. 

ഇത്രയും വിപുലമായ ഈ വ്യവസായം നിര്‍ത്തലാക്കുന്നതോടെ 25 ലക്ഷം ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നത്. മാംസം കയറ്റുമതി ചെയ്യുന്നത് നിര്‍ത്തുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനത്തിലും വന്‍ ഇടിവ് വരാന്‍ സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com