നക്‌സല്‍ബാരിയുടെ അന്‍പതു വര്‍ഷങ്ങള്‍: വിപ്ലവമോഹത്തിന്റെ ആ കാറ്റ് വിട്ടുപോവുമോ ഈ നാടിനെ?

By കെഎം സന്തോഷ് കുമാര്‍  |   Published: 23rd May 2017 03:37 PM  |  

Last Updated: 23rd May 2017 07:52 PM  |   A+A-   |  

padam_4_new_copy

ഇന്ത്യന്‍ അടിസ്ഥാന വര്‍ഗത്തിന്റെ വിപ്ലവമോഹങ്ങളെ ജ്വലിപ്പിച്ച നക്‌സല്‍ബാരി പ്രസ്ഥാനത്തിന് അന്‍പതാണ്ടു തികയുകയാണ്. ഇക്കാലയളവിനിടെ ചാരു മജുംദാറുടെയും കനു സന്യാലിന്റെയും ജംഗള്‍ സന്താളിന്റെയും സ്വപ്‌നങ്ങള്‍ എത്രത്തോളം മുന്നോട്ടുപോയി? ആ ഇടിമുഴക്കത്തിന്റെ അലയൊലികള്‍ തേടി നക്‌സല്‍ബാരിയിലൂടെ...
 

ഒരു ഗ്രാമത്തിന്റെ പേര് ഒരു പ്രസ്ഥാനത്തിന്റെ പര്യായമായി മാറുന്നത് ലോകത്തില്‍ തന്നെ അപൂര്‍വമായിരിക്കും. പശ്ചിമ ബംഗാളിലെ സിലിഗുഡിയില്‍ നിന്ന് ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ട് എത്താവുന്ന സ്ഥലമാണ് നക്‌സല്‍ബാരി. ദേശവ്യാപകമായിത്തന്നെ ഈ പേര് എന്തിന്റെയൊക്കെ പര്യായമായാണ് പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. തീവ്ര വിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ, രക്തരൂഷിതമായ ഏറ്റമുട്ടലുകളുടെ, സാഹസിക യൗവനത്തിന്റെ, അടുത്തകാലത്ത് മാവോയിസ്റ്റുകള്‍ എന്ന പ്രയോഗം പ്രചാരത്തില്‍ എത്തുന്നതുവരെ വിവിധ തീവ്രവിപ്ലവ വിഭാഗങ്ങളുടെ. അങ്ങനെ പലതിന്റെയും അപരനാമം ഈ ചെറിയ കാര്‍ഷികഗ്രാമത്തിന്റെ പേരില്‍ നിന്നായിരുന്നു. 

1967-ല്‍ പീക്കിംഗ് റേഡിയോയിലൂടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിശേഷിപ്പിച്ച വസന്തത്തിന്റെ ഇടിമുഴക്കം ആരംഭിച്ചത് ഈ ഗ്രാമത്തില്‍ നിന്നാണ്. കനുസന്യാലും ചാരു മജുംദാറും ജംഗള്‍ സന്താളും എല്ലാം വിപ്ലവ നേതാക്കളായി വളര്‍ന്നതും ഇവിടെ നിന്നാണ്. ലാല്‍ഗഡും നന്ദിഗ്രാമും അടക്കമുള്ള പശ്ചിമബംഗാളിന്റെ പല പ്രദേശങ്ങളും മാവോയിസ്റ്റുകള്‍ എന്ന് ഇന്ന് അറിയപ്പെടുന്ന നക്‌സലൈറ്റുകളുടെ സാന്നിധ്യംകൊണ്ട് വാര്‍ത്തകള്‍ നിറയുമ്പോഴും നക്‌സല്‍ബാരിയില്‍ നിന്നു പുറംലോകത്തിനു വാര്‍ത്തകളൊന്നുമില്ല. കാരണം മുമ്പേതന്നെ ജനാധിപത്യ പ്രക്രിയയുടെ സാധാരണ പ്രവര്‍ത്തനവഴികള്‍ സ്വീകരിച്ചുകഴിഞ്ഞ ചില ഗ്രൂപ്പുകള്‍ ഒഴികെ മറ്റു തീവ്രവാദ വിഭാഗങ്ങളൊന്നും ഇപ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവിടുത്ത എല്ലാ സാമൂഹിക ചലനങ്ങളുടെയും ഊര്‍ജ്ജഖനിയായി, ഈ ഗ്രാമവാസികളില്‍ ഒരാളായി ഇവിടെ ജീവിക്കുകയും ഇന്ത്യയിലെ വിവിധ വിപ്ലവ ഗ്രൂപ്പുകളുടെ ഏകോപനത്തിനായി മരണംവരെ പ്രവര്‍ത്തിക്കുകയും ചെയ്ത്, നക്‌സല്‍ബാരിയുടെ പ്രതീകംതന്നെയായി മാറിയ കനുസന്യാലാകട്ടെ എഴുപതുകളില്‍തന്നെ തീവ്രവാദ- വിഭാഗീയ പ്രവര്‍ത്തനങ്ങളോടു വിട പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ചോരയുടെയും വെടിയുണ്ടകളുടെയും ആത്മബലിയുടെയുമെല്ലാം ചരിത്രം നക്‌സല്‍ബാരി ഗ്രാമത്തിന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മാത്രമാണുള്ളത്. ഇന്ന് ഇവിടെയാരും ഗ്രാമങ്ങള്‍ മോചിപ്പിച്ച് നഗരങ്ങളെ ചുറ്റിവളയാമെന്നു വ്യാമോഹിക്കുന്നില്ല. ഒരു നക്‌സല്‍ ഗ്രൂപ്പിന്റെയും റിപ്പോര്‍ട്ടുകളില്‍ വിപ്ലവ മുന്നേറ്റത്തിന്റെ താവളപ്രദേശമായി നക്‌സല്‍ബാരി പരാമര്‍ശിക്കപ്പെടുന്നുമില്ല. 

അങ്ങനെ വിസ്‌ഫോടനത്തിന്റെ എല്ലാ തീയും പുകയുമണഞ്ഞ്, തണുത്തുറഞ്ഞ ലാവയുടെ അവശേഷിപ്പുകള്‍ മാത്രം പഴയ ചില അടയാളങ്ങളായി മാറിനില്‍ക്കുന്ന നക്‌സല്‍ബാരിയിലേയ്ക്കാണ് കുറച്ചുകാലം മുമ്പ് യാത്ര ചെയ്യാനിടയായത്. 2010 മാര്‍ച്ച് 23-ന് സ്വയം ജീവിതം അവസാനിപ്പിച്ച കനുദായെക്കുറിച്ചും വിപ്ലവത്തിന്റെ കനലുള്ള എല്ലാ ഹൃദയങ്ങളെയും ജ്വലിപ്പിച്ച ആ ഗ്രാമത്തെക്കുറിച്ചും അടുത്തറിയുകയായിരുന്നു ലക്ഷ്യം. ഭഗത്‌സിംഗ് രക്തസാക്ഷി ദിനമായ മാര്‍ച്ച് 23, സ്വന്തം വിയോഗത്തിന് അദ്ദേഹം തെരഞ്ഞെടുത്തത് ബോധപൂര്‍വമായിരിക്കാം. 

 

കനു സന്യാല്‍
 

പിന്‍തുടരാനാവാത്ത മാതൃക

നക്‌സല്‍ബാരി ബസാറിനു കുറച്ചകലെയുള്ള ഹാത്തിഗെയ്‌സാ എന്ന ബസ്‌സ്റ്റോപ്പില്‍ നിന്ന് വലതുവശത്തേയ്ക്കുള്ള നാട്ടുവഴിയിലൂടെ ഒരു കിലോമീറ്റര്‍ നടന്നാല്‍ കനു സന്യാലിന്റെ വീടായി. കമ്യൂണ്‍ എന്നോ ഓഫീസ് എന്നോ ഒക്കെ വിളിക്കാവുന്ന ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു അദ്ദേഹം കമ്യൂണിസ്റ്റുകാരന്റെ മാതൃകാജീവിതം നയിച്ചിരുന്നത്. ഒരു തടിക്കട്ടിലും മേശയും പഴയ ഒരു ടിവിയും കൊണ്ട് പൂര്‍ത്തിയാകുന്നു ഈ സമുന്നത നേതാവിന്റെ ജീവിത സൗകര്യ സമൃദ്ധി. കേരളത്തിലെ പാര്‍ട്ടി ഓഫീസുകളും പല നേതാക്കളുടെയും ജീവിതവും കണ്ടു ശീലിച്ച കണ്ണുകള്‍ക്ക് പെട്ടെന്ന് ഈ കാഴ്ചയോട് പൊരുത്തപ്പെടാനായില്ല. മേശപ്പുറത്തും ചുവര്‍തട്ടുകളിലും നിറയെ പുസ്തകങ്ങളും ലേഖനങ്ങളും കുറിപ്പുകളും എഴുതി നിറച്ച നോട്ട്ബുക്കുകളും. ചുവരിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളുടെ നിരയില്‍ സഖാവ് പി. കൃഷ്ണപിള്ളയുമുണ്ട്. അടച്ചിട്ടിരുന്ന വീട് തുറന്നുതന്നത് സാന്തിമുണ്ട എന്ന വനിതാപ്രവര്‍ത്തക. വാര്‍ധക്യത്തോട് അടുത്ത ഈ സ്ത്രീയാണ് രോഗാവസ്ഥയില്‍ മരണം വരെ കനുദായെ പരിചരിച്ചത്. 

 

കനു സന്യാലിന്റെ കുടിലിനു മുന്നില്‍ ജംഗള്‍ സന്താളിന്റെ വിധവ

എന്നും എല്ലാവര്‍ക്കും അഭയമായിരുന്ന താന്‍ ഗുരുതര രോഗാവസ്ഥയില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകരുത് എന്ന ചിന്തയാകാം ദായെ ഇത്തരമൊരു വഴി സ്വീകരിക്കുന്നതിലേയ്ക്ക് എത്തിച്ചത്- അവര്‍ നിരുദ്ധകണ്ഠയായി. ബുദ്ധദേവ് സര്‍ക്കാര്‍ എല്ലാവിധ ചികില്‍സാസൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടും അദ്ദേഹം നിഷേധിക്കുകയായിരുന്നു. സ്വന്തം വഴികളിലെ ശരികളിലൂടെ മാത്രം നടന്ന ആ ഏകാകി ആരുടെയും സൗജന്യവും സഹായവും സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. പ്രദേശത്തെ തോട്ടം മേഖലയില്‍ കനുദാ നേതൃത്വം നല്‍കിയിരുന്ന ട്രേഡ്‌യൂണിയനും കര്‍ഷക സംഘടനയുമെല്ലാം ഇപ്പോഴും സജീവമാണെന്ന് സംഘടനാ ഭാരവാഹികൂടിയായ സാന്തിമുണ്ട വശദീകരിച്ചു. കനു സന്യാലിനൊപ്പം നക്‌സല്‍ബാരി സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു ജംഗള്‍ സന്താളിന്റെ വൃദ്ധവിധവയും അപ്പോള്‍ അവിടെയുണ്ടായിരുന്നു. 

1929 ജനുവരി മൂന്നിന് ഡാര്‍ജിലിംഗിലെ ഹുസിയോഗ് ഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തില്‍ ആനന്ദ് ഗോവിന്ദ് സന്യാലിന്റെയും നിര്‍മലയുടെയും മകനായി ജനിച്ച കനു സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. 1969-ല്‍ സിപിഐ (എംഎല്‍) രൂപീകരണം കല്‍ക്കട്ടയില്‍ പ്രഖ്യാപിച്ചതും അദ്ദേഹമാണ്. രാജ്യത്തെ വിപ്ലവ പ്രവര്‍ത്തനത്തിന് വ്യക്തമായ ദിശോബാധം ആര്‍ജ്ജിക്കുന്നതിനു ചൈനീസ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ രഹസ്യമായി പോയ സംഘത്തിലെ അംഗം.

പതിനെട്ട് വര്‍ഷം ജയിലിലും പതിനഞ്ച് വര്‍ഷം ഒളിവിലുമൊക്കെയായി ആറ് പതിറ്റാണ്ടുനീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയായ അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാല്‍ സ്വയം വിരമിച്ചത് പ്രസ്ഥാനത്തില്‍ നിന്നു മാത്രമല്ല, ജീവിതത്തില്‍ നിന്നുകൂടിയായിരുന്നു. ഇന്ത്യയുടെ വിമോചനത്തിന് തനിക്ക് ബോധ്യമുള്ള വഴികളിലൂടെ സഞ്ചരിക്കുകയും താരതമ്യങ്ങളില്ലാത്ത സാധാരണക്കാരനായി ജീവിക്കുകയും ചെയ്തു. അത് മാതൃകാ മരണമോ? (കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പൂര്‍ണമായി സമര്‍പ്പിതനാകുമ്പോള്‍ പിന്‍വിളികള്‍ ഉണ്ടാകാതിരിക്കാന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് സിപിഐഎമ്മിന്റെയും സമുന്നത നേതാവായിരുന്ന പി സുന്ദരയ്യ കുട്ടികള്‍ വേണ്ടെന്നു തീരുമാനിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായി. എല്ലാ മുഴുവന്‍ സമയ പ്രവര്‍ത്തകരും അനുകരിക്കേണ്ട മാതൃകയാണ് ഇതെന്ന് തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം ആത്മകഥയില്‍ രേഖപ്പെടുത്തുകയും ചെയ്തു.) ചില ജീവിതമാതൃകകള്‍ ആദരണീയമാകുമ്പോള്‍ തന്നെ അനുകരിക്കാന്‍ അരുതാത്തതാണ്. കനുസന്യാല്‍ ആരും പിന്തുടരരുതാത്ത മാതൃകയാകുന്നു മരണത്തില്‍.

ഇന്ത്യയിലെ ആദിവാസി ജനസംഖ്യയില്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സന്താള്‍ വിഭാഗമാണ് ഈ മേഖലയിലെ ഭൂരിപക്ഷവും. കമ്യൂണിസ്റ്റ് പദാവലി അനുസരിച്ച് ദരിദ്ര ഭൂരഹിത കര്‍ഷകര്‍. അവരുടെ പോരാട്ടത്തിന്റെ മുന്നേറ്റത്തിലും തിരിച്ചടിയിലും എല്ലാ ത്യാഗങ്ങളിലും സഹനങ്ങളിലും അവര്‍ക്കൊപ്പം 'കനു ദാ' ഉണ്ടായിരുന്നു. ഇതല്ലേ തങ്ങള്‍ വിശ്വാസം അര്‍പ്പിച്ച നേതൃത്വത്തില്‍ നിന്ന് ഒരു ജനത പ്രതീക്ഷിക്കുന്നത്. ഇത്തരം സമര്‍പ്പിത ജീവിതങ്ങളെയല്ലേ കാലുഷ്യങ്ങള്‍ നിറഞ്ഞ ഇക്കാലത്ത് പ്രതീക്ഷാപൂര്‍വം നാം അന്വേഷിക്കുന്നത്. 

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ഊഷരതയില്ലാത്ത കേരളീയ പരിസരങ്ങളെ ഓര്‍മിപ്പിക്കുന്ന ശോഷിച്ച പുഴയ്ക്കരികിലൂടെയുള്ള നാട്ടുവഴിയിലൂടെ യാത്ര തുടര്‍ന്നു. 'ഇന്ത്യയിലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍' എന്ന് എഴുതിയ ബോര്‍ഡ് വെച്ച ചാരു മജുംദാരുടെ പ്രതിമ നിലകൊള്ളുന്ന മജുംദാര്‍ സ്മരണയിലേയ്ക്കു നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ശ്രീകാന്ത് ഒഎന്‍വി കവിത പതിയെ മൂളി

- മറ്റുള്ളവര്‍ക്കായി സ്വയം 
കത്തിയെരിയുന്ന
സുസ്‌നേഹമൂര്‍ത്തിയാം സൂര്യാ,
സ്വസ്തി, ഹേ  സൂര്യതേ സ്വസ്തി-

 

ഇന്ത്യയിലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ എന്ന വിശേഷണമുള്ള സ്മാരകം
 

ശ്രീകാകുളവും ഭോജ്പൂരും ധര്‍മപുരിയും പുല്‍പ്പള്ളിയുമെല്ലാം അക്രമങ്ങളോ ഏറ്റുമുട്ടലുകളോ ഒക്കെയായ നക്‌സലൈറ്റ് ഇടപെടലുകളാല്‍ ശ്രദ്ധേയമായ പേരുകളാണ്. എന്നാല്‍ അധികാര കേന്ദ്രങ്ങളുടെ സ്വാസ്ഥ്യത്തിന്റെ റിക്ടര്‍ സ്‌കെയിലില്‍ ഭീതിദമായ ആവേഗങ്ങള്‍ സൃഷ്ടിച്ച തുടര്‍ചലനങ്ങളുടെ പ്രഭവകേന്ദ്രം എന്ന നിലയില്‍ നക്‌സല്‍ബാരിയുടെ ഇടം സവിശേഷമാണ്. സ്വാതന്ത്രാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവാണ് ഈ ഗ്രാമം. അതിന്റെ മാര്‍ഗത്തെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങള്‍ നിലനിര്‍ത്തുകയും ചര്‍ച്ച ചെയ്യുകയുമാകാം. എന്നാല്‍ ഒരു വിധിതീര്‍പ്പിനു മുമ്പ് ഇന്ത്യന്‍ ഗ്രാമങ്ങളുടെ വര്‍ത്തമാന ദുര്‍വിധികളോട് നമുക്ക് എന്തുത്തരമാണ് ഉള്ളതെന്നുകൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട്. വ്യവസ്ഥയുടെ വൈകല്യങ്ങള്‍മൂലം സൃഷ്ടിക്കപ്പെടാവുന്ന ചുഴലികളെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു നക്‌സല്‍ബാരി. അതിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള ദീര്‍ഘവീക്ഷണമോ സമചിത്തതയോ ദൗര്‍ഭാഗ്യവശാല്‍ ഭരണാധികാരികള്‍ക്കില്ലാതെപോയി. അതുകൊണ്ടുതന്നെ ഈ വയലുകളിലും കുടിലുകളിലും വെടിയുണ്ടകള്‍ കൊണ്ട് എന്തിനെയാണോ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചത്, മറ്റിടങ്ങളില്‍ പലരൂപങ്ങളില്‍ ആ ചുഴലി പടരുകയാണ്.

എങ്ങനെ മറക്കും നക്‌സല്‍ബാരിയെ. കാല്പനികമായ വിപ്ലവമോഹങ്ങളുടെ ചെറുകാറ്റായെങ്കിലും കനുസന്യാലിന്റെ നിശ്വാസം ഇവിടെ എക്കാലവുമുണ്ടാകാതിരിക്കുമോ?

(2011 ഏപ്രിലില്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)