പരസ്യമായി മാടിനെ അറുത്ത നടപടി ബുദ്ധിശൂന്യം; യൂത്ത് കോണ്‍ഗ്രസ് സമരരീതിയെ തള്ളി രാഹുല്‍ ഗാന്ധി

By സമകാലിക മലയാളം ഡസ്‌ക്‌  |   Published: 29th May 2017 07:32 AM  |  

Last Updated: 29th May 2017 11:39 AM  |   A+A-   |  

rahul-gandhi

ന്യൂഡല്‍ഹി: പരസ്യമായി മാടിനെ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് സമരരീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നടുറോഡില്‍ മാടിനെ അറുത്ത സംഭവം പ്രാകൃതവും, ചിന്താശൂന്യവും അസ്വീകാര്യവുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. 

പാര്‍ട്ടിക്കോ, തനിക്ക് വ്യക്തിപരമായോ അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് ഉണ്ടായതെന്നും സംഭവത്തെ അപലപിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. കച്ചവടത്തിനായുള്ള കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ കൊന്നത്. 

എന്നാല്‍ ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറായില്ല. നിയമം ലംഘിച്ച ആരെയും പിന്തുണയ്ക്കില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട്. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരരീതിയെ പാര്‍ട്ടി ഉപാധ്യക്ഷന്‍ തന്നെ പരസ്യമായി തള്ളി പറഞ്ഞിരിക്കുന്നത്. 

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി ജങ്ഷനിലായിരുന്നു കാളക്കുട്ടിയെ കശാപ്പ് ചെയ്തതിന് ശേഷം ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്ക് നല്‍കിയത്. യൂവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.