ബാങ്കുകള്‍ സാധാരണക്കാരെ ആട്ടിയോടിക്കുന്നു; വിമര്‍ശനവുമായി ആര്‍ബിഐ

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 31st May 2017 09:47 AM  |  

Last Updated: 31st May 2017 01:21 PM  |   A+A-   |  

മുംബൈ: എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ജനങ്ങളെ വലക്കുന്ന തരത്തിലുള്ള സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതിനെ ശക്തായ ഭാഷയില്‍ വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ് മുന്ദ്ര. സാധാരണക്കാരായ ഇടപാടുകാരെ ആട്ടിയോടിക്കാനാണ് ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് പോലുള്ള വ്യവസ്ഥകള്‍ പറഞ്ഞും സര്‍വ്വീസ് ചാര്‍ജായും പണമീടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിങ് കോഡ്‌സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറഞ്ഞ അക്കൗണ്ട് ബാലന്‍സ് തുക നിര്‍ണ്ണയിക്കാനും വിവിധ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാനും ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് ചിലരെ ഒഴിനാക്കാനോ അകറ്റി നിര്‍ത്താനോ ഉള്ള മാര്‍ഗമായി ചില ബാങ്കുകള്‍ വിനിയോഗിക്കുന്നു. 

മൊബൈല്‍ നമ്പര്‍ മാറാതെ ടെലികോം സേവനദാതാവിനെ മാറാന്‍ ഉപയോക്താവിന് സ്വാന്ത്ര്യമേകുന്ന പോര്‍ട്ടബലിറ്റി ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തിലും നടപ്പിലാക്കണം. നിശബ്ദനായിരിക്കുന്ന ഉപയോക്താവ് ബാങ്കിനോട് ഒരക്ഷരം പോലും പറയാതെ മറ്റൊരു ബാങ്കിലേക്ക് മാറുന്നത് കാണാം. മുന്ദ്ര തുറന്നടിച്ചു. 

ആധാറുമായി അക്കൗണ്ടുകളെ ബന്ധിപ്പിക്കുകയും നാഷ്ണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തില്‍ അക്കൗണ്ട് പോര്‍ട്ടബലിറ്റി അസാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.