നോട്ടു നിരോധനം ആത്മഹത്യയ്ക്കു തുല്യം; സര്‍ക്കാര്‍ വാദങ്ങളെല്ലാം പൊട്ടിപ്പാളീസായെന്ന് അരുണ്‍ ഷൂറി

ഒരു രാത്രി പ്രധാനമന്ത്രിക്ക് ഒരു വെളിപാടുണ്ടായതാണ് നോട്ടു റദ്ദാക്കല്‍. അതൊരു ധീരമായ നടപടിയാണെന്നതില്‍ സംശയമില്ല. പക്ഷേ, ഒന്ന് ഓര്‍ക്കണം. ആത്മഹത്യയും ധീരമായ നടപടിയാണ്
നോട്ടു നിരോധനം ആത്മഹത്യയ്ക്കു തുല്യം; സര്‍ക്കാര്‍ വാദങ്ങളെല്ലാം പൊട്ടിപ്പാളീസായെന്ന് അരുണ്‍ ഷൂറി
Updated on
1 min read

ന്യൂഡല്‍ഹി:  നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂറി. മോദിയുടെ നോട്ടു റദ്ദാക്കല്‍ നടപടി ആത്മഹത്യാപരമായിരുന്നെന്ന് ഷൂറി പറഞ്ഞു. അതിനെ അനുകൂലിച്ചുകൊണ്ടുള്ള എല്ലാ വാദങ്ങളും പൊട്ടിപ്പാളീസായെന്ന് ഷൂറി ചൂണ്ടിക്കാട്ടി. 

വെളിപാടുകള്‍ കൊണ്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു രാത്രി പ്രധാനമന്ത്രിക്ക് ഒരു വെളിപാടുണ്ടായതാണ് നോട്ടു റദ്ദാക്കല്‍. അതൊരു ധീരമായ നടപടിയാണെന്നതില്‍ സംശയമില്ല. പക്ഷേ, ഒന്ന് ഓര്‍ക്കണം. ആത്മഹത്യയും ധീരമായ നടപടിയാണ്- എന്‍ഡിടിവിയുമായുള്ള അഭിമുഖത്തില്‍ ഷൂറി അഭിപ്രായപ്പെട്ടു.

നോട്ടു റദ്ദാക്കലിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ എന്തെങ്കിലും വാദങ്ങള്‍ക്ക് ഇപ്പോള്‍ നിലനില്‍പ്പുണ്ടോ? കള്ളപ്പണം തടയാനായോ? അതെല്ലാം വെള്ളപ്പണമായി എന്നതല്ലേ സത്യം. ഭീകരവാദത്തെ തടഞ്ഞോ? അവര്‍ ഇപ്പോഴും ഇന്ത്യയിലേക്കു വന്നുകൊണ്ടിരിക്കുന്നുണ്ട്.- ഷൂറി ചൂണ്ടിക്കാട്ടി. നോട്ടു റദ്ദാക്കലിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയാണെന്ന് ഷൂറി പറഞ്ഞു.

ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം സാങ്കേതികം മാത്രമാണെന്ന് അഭിപ്രായപ്പെട്ട ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഷൂറി പരിഹസിച്ചു. അദ്ദേഹം പ്രസിദ്ധനായ സാമ്പത്തിക ശാസ്ത്രജ്ഞനാണല്ലോ എന്നായിരുന്നു ഷൂറിയുടെ പരാമര്‍ശം. 

ഒരാളുടെയും ഉപദേശം കേള്‍ക്കാതെയും വസ്തുതകള്‍ കണക്കിലെടുക്കാതെയുമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ഷൂറി കുറ്റപ്പെടുത്തി. ഇത് രണ്ടരയാളുകളുടെ സര്‍ക്കാരാണ്. നരേന്ദ്ര മോദിയും ്അമിത് ഷായും പിന്നെയൊരു വക്കീലും. അവര്‍ക്ക് ഒന്നിലും വൈദഗ്ധ്യമില്ല. അവരുടെ ചുറ്റിലുമുള്ളവര്‍ക്കും ഒന്നിലും വൈദഗ്ധ്യമില്ല. അവരിപ്പോ കാറ്റും വെളിച്ചവും കടക്കാത്ത മുറിയിലാണ്. ചുറ്റും നടക്കുന്നതൊന്നും അവര്‍ക്കറിയില്ല. ചെറുകിട, ഇടത്തരം മേഖലയിലെല്ലാം എന്തു സംഭവിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് വിളിച്ചു പറയുന്നുണ്ട്. അവര്‍ ഒച്ചയിടുന്നുവെന്നല്ലാതെ ആരു കേള്‍ക്കാന്‍? 

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് യശ്വന്ത് സിന്‍ഹയും പി ചിദംബരവും മറ്റു പലരും പറയുന്നത് വസ്തുതകളാണ്. അതെല്ലാം സര്‍ക്കാര്‍ കണക്കുകളില്‍ ഉള്ളതാണ്. ഇക്കണോമിക് സര്‍വെ, ആര്‍ബിഐ സര്‍വെകള്‍, എസ്ബിഐ റിപ്പോര്‍ട്ട് തുടങ്ങിയവയില്‍ ഉള്ള കാര്യങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ജിഡിപി ഇടിഞ്ഞു എന്നത് വസ്തുതയല്ലേ? വ്യവസായ ഉത്പാദനം കുറഞ്ഞു എന്നത് വസ്തുതയല്ലേ? ഇതൊന്നും ഉതകണ്ഠയുണ്ടാക്കുന്ന കണക്കുകളല്ലേ- ഷൂറി ചോദിച്ചു.

ഇവന്റ് മാനേജ്മന്റിലാണ് സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ക്കു വൈദഗ്ധ്യം. അവര്‍ അതില്‍ തൃപ്തരാണ്. അവര്‍ മറ്റുള്ളവരോടു പറഞ്ഞുകൊണ്ടിരിക്കുകയാണ്, മറ്റുള്ളവര്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നേയില്ല. മുന്നൂറ് അടിയുള്ള പ്രതിമ, ബുള്ളറ്റ് ട്രെയിന്‍ ഇതിലൊക്കെയാണ് അവരുടെ ശ്രദ്ധ. യശ്വന്ത് സിന്‍ഹ ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ ഒരു പണിയുമില്ലാത്തയാള്‍ എന്നാണ് ആക്ഷേപിച്ചത്. ഇതാണ് അവരുടെ നിലവാരം. അസുഖകരമായ കാര്യങ്ങള്‍ പറയുന്നവരെ ആക്ഷേപിച്ചുകൊണ്ടിരിക്കുക എന്നതാണ് അവരുടെ രീതി. 

സര്‍ക്കാര്‍ നയങ്ങള്‍ക്ക് പ്രവചനാത്മകയും സ്ഥിരതയും വിശ്വാസ്യതയും വേണമെന്ന് അരുണ്‍ ഷൂറി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സര്‍ക്കാരിന് ഇത് ഒന്നുപോലും ഇല്ലാതായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com