'കണ്ണ് വേണോ കണ്ണ്'; സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ജനറല്‍ സെക്രട്ടറിയെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ട് മലയാളികള്‍

കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. ഹിന്ദിയില്‍ പൊങ്കാലയിടുന്നവരുമുണ്ട്
'കണ്ണ് വേണോ കണ്ണ്'; സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ജനറല്‍ സെക്രട്ടറിയെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ട് മലയാളികള്‍

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പ്രസംഗിച്ച ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയും ആയ സരോജ് പാണ്ഡേയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല.

കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു മുന്‍ മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ കൂടിയായിരുന്ന സരോജിന്റെ പ്രസംഗം. ഇതിനെതിരെയാണ് പാണ്ഡേയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ പൊങ്കാലയിടുന്നത്. 

കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. ഹിന്ദിയില്‍ പൊങ്കാലയിടുന്നവരുമുണ്ട്. കേരളത്തേയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനേയും അധിക്ഷേപിച്ചതിന് ഇതിന് മുമ്പും ബിജെപി ദേശീയ നേതാക്കള്‍ മലയാളികളുടെ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കേരളത്തെ സോമാലിയ എന്നു വിളിച്ച പ്രധാനമന്ത്രി മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു മലയാളികള്‍ നടത്തിയത.് കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ദേശീയ നേതാക്കളെ വരെ ഉള്‍പ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ജനരക്ഷാ യാത്ര നടത്തുന്നതിനിടയിലാണ് കൊലവിളിയുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com