

ന്യൂഡെല്‍ഹി: ബലാല്‍ത്സംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നിന്നും പ്ലാസ്റ്റിക് കറന്‍സികള്‍ കണ്ടെത്തി. ഈ നാണയങ്ങള്‍ ഉപയോഗിച്ചാണ് ഗുര്‍മീത് ആശ്രമത്തിനകത്ത് ക്രയവിക്രയങ്ങള്‍ നടത്തിയതെന്നാണ് സൂചന. ഇവിടെയുള്ള കടകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുയായികള്‍ ഈ നാണയങ്ങളാണ് ഉപയോഗിക്കുന്നത്. വിവിധ നിറങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ഈ പ്ലാസ്റ്റിക് നാണയങ്ങളില്‍ 'ധന്‍ ധന്‍ സദ്ഗുരു തേരാ ഹി അസാര ദേര സച്ചാ സൗദാ സിര്‍സ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ലാപ് ടോപ്പുകളും, കംപ്യുട്ടറുകളും, ആയുധങ്ങളും ആശ്രമത്തില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ദുരൂഹത തോന്നിയ ചില മുറികള്‍ അടച്ച് സീല്‍ ചെയ്തു. പ്രത്യേക ഫൊറന്‍സിക് സംഘവും പരിശോധനയ്ക്കായി എത്തിയിട്ടുണ്ടെന്നാണ് വിവരം. പരിശോധന ഒരാഴ്ചയോളം നീളുമെന്നാണ് സൂചന. 41 അര്‍ദ്ധസൈനിക കമ്പനികളും, നാല് സൈനിക സംഘങ്ങളും ഡോഗ്, ബോംബ് സ്‌ക്വാഡുകളും നാല്‍പതോളം കമാന്‍ഡോമാരും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.
നാല് ജില്ലകളില്‍ നിന്നുള്ള 5000ല്‍ അധികം പൊലീസുകാരെയാണ് പരിശോധനയുടെ ഭാഗമായി വിവിധ മേഖലകളില്‍ വിന്യസിച്ചിരിക്കുന്നത്. പരിശോധനാ നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ട്. ഇതിനായി അന്‍പതിലധികം വീഡിയോഗ്രഫര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. പൂട്ടുകള്‍ പൊളിക്കുന്നതില്‍ വിദഗ്ധരായ പത്തിലധികം പേരും സംഘത്തിലുണ്ട്. ആസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടണലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുഴിച്ച് പരിശോധിക്കാനുള്ള സൗകര്യങ്ങളും സിര്‍സയിലെത്തിച്ചിരിക്കുകയാണ്.
ആയിരത്തോളം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഗുര്‍മീതിന്റെ സാമ്രാജ്യത്തിനുള്ളില്‍ ഒരു നഗരവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഡംബര റെസ്‌റ്റോറന്റുകളുമടക്കമുണ്ട്. താജ്മഹലിന്റെയും ഈഫല്‍ ഗോപുരത്തിന്റെയും മാതൃകയിലാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates