'ബെല്‍റ്റ് മുറുക്കുക, വിമാനത്തിന്റെ ചിറകുകള്‍ തകര്‍ന്നിരിക്കുന്നു' ; ധനമന്ത്രിയെ പരിഹസിച്ച് രാഹുല്‍
By സമകാലിക മലയാളം ഡെസ്ക് | Published: 27th September 2017 02:23 PM |
Last Updated: 27th September 2017 06:10 PM | A+A A- |

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതി താറുമാറായതിന് ബിജെപിക്കുള്ളില്‍നിന്നു തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ ധനമന്ത്രിയെ പരിഹസിച്ച് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സീറ്റു ബെല്‍റ്റുകള്‍ മുറുക്കിക്കോളൂ, വിമാനത്തിന്റെ ചിറകുകള്‍ തകര്‍ന്നിരിക്കുന്നു എന്നു ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുല്‍ ധനമന്ത്രിയെ പരിഹസിച്ചത്.
''ലേഡിസ് ആന്‍ഡ് ജെന്റില്‍മെന്‍, ഇത് നിങ്ങളുടെ കോ പൈലറ്റ് ധനമന്ത്രി സംസാരിക്കുന്നു. നിങ്ങള്‍ സീറ്റ് ബെല്‍റ്റ് മുറുക്കി തയാറായി ഇരിക്കുക, നമ്മുടെ വിമാനത്തിന്റെ ചിറകുകള്‍ തകര്‍ന്നിരിക്കുന്നു'' - ഇങ്ങനെയാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
രാജ്യത്തെ സാമ്പത്തിക സ്ഥിതി ദുരന്തത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതു പുറത്തു പറയാന്‍ ബിജെപിക്കാര്‍ പേടിക്കുകയാണെന്നും മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
Ladies & Gentlemen, this is your copilot & FM speaking. Plz fasten your seat belts & take brace position.The wings have fallen off our plane https://t.co/IsOA8FQa6u
— Office of RG (@OfficeOfRG) September 27, 2017
നോട്ട് നിരോധനം ലഘൂകരിക്കാനാകാത്ത സാമ്പത്തിക ദുരന്തമായിരുന്നു. ജിഎസ്ടി വിഭാവനം ചെയ്തതിലും നടപ്പാക്കിയതിലും വലിയ വീഴ്ച പറ്റി. ഇതിലൂടെ നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലും അവസരങ്ങളും നഷ്ടമായി. പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്നും സിന്‍ഹ ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തുറന്നടിച്ചു.
സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ജിഡിപി താഴ്ന്നതെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു.വളര്‍ച്ച കണക്കുകൂട്ടുന്ന രീതി ബിജെപി മാറ്റണം. യഥാര്‍ഥത്തില്‍ പുറത്തു വന്നതിനേക്കാള്‍ താഴ്ചയിലാണ് ജിഡിപിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക സ്ഥിതി ഭദ്രമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും തളര്‍ച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചകങ്ങള്‍ വ്യക്തമാക്കുന്നത്.
Yashwant Sinha speaks Truth to Power. Will Power now admit the Truth that economy is sinking?
— P. Chidambaram (@PChidambaram_IN) September 27, 2017