സമ്പദ്‌വ്യവസ്ഥ ദുരന്തത്തിലേക്ക് നീങ്ങുന്നു; ബിജെപിക്കാര്‍ക്ക് തുറന്നുപറയാന്‍ പേടി: യശ്വന്ത് സിന്‍ഹ

നോട്ട് നിരോധനം ലഘൂകരിക്കാനാകാത്ത സാമ്പത്തിക ദുരന്തമായിരുന്നു. ജിഎസ്ടി വിഭാവനം ചെയ്തതിലും നടപ്പാക്കിയതിലും വലിയ വീഴ്ച പറ്റി
സമ്പദ്‌വ്യവസ്ഥ ദുരന്തത്തിലേക്ക് നീങ്ങുന്നു; ബിജെപിക്കാര്‍ക്ക് തുറന്നുപറയാന്‍ പേടി: യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതില്‍ ബിജെപിയിലെ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ടെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. എന്നാല്‍ പേടി കാരണം ആരും ഒന്നും തുറന്ന് പറയുന്നില്ലെന്ന്  ഇന്ത്യന്‍ എക്‌സ്പ്രസില്‍ 'എനിക്കിപ്പോള്‍ സംസാരിക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ കോളത്തില്‍ വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹസ ടുറന്നടിച്ചു. 

നോട്ട് നിരോധനം ലഘൂകരിക്കാനാകാത്ത സാമ്പത്തിക ദുരന്തമായിരുന്നു. ജിഎസ്ടി വിഭാവനം ചെയ്തതിലും നടപ്പാക്കിയതിലും വലിയ വീഴ്ച പറ്റി. ഇതിലൂടെ നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലും അവസരങ്ങളും നഷ്ടമായി. പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്നും സിന്‍ഹ തുറന്നടിച്ചു. 

സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ജിഡിപി താഴ്ന്നതെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു.വളര്‍ച്ച കണക്കുകൂട്ടുന്ന രീതി ബിജെപി മാറ്റണം. യഥാര്‍ത്ഥത്തില്‍ പുറത്തു വന്നതിനേക്കാള്‍ താഴ്ചയിലാണ് ജിഡിപിയെന്നും അദ്ദേഹം പറഞ്ഞു.

ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും റെയ്ഡുകളിലൂടെ ജനങ്ങളുടെ മനസ്സിനെ ഭീതിപ്പെടുത്തുന്ന ഒരു കളിയാണ് നടത്തുന്നത്.പ്രതിപക്ഷത്തിരിക്കുമ്പോള്‍ ബിജെപി പ്രതിഷേധമുയര്‍ത്തിയ കാര്യങ്ങള്‍ക്കൊക്കെ ഇപ്പോള്‍ പ്രതിരോധിക്കേണ്ട അവസ്ഥയാണുള്ളതെന്നും യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി.

ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ അരുണ്‍ ജെയ്റ്റിലി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യം വളരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അത്തൊരുമൊരു അനുഭവം എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കാനാണ് അദ്ദേഹത്തിന്റെ ധനകാര്യന്ത്രി ഇപ്പോള്‍ അധിക ജോലി ചെയ്യുന്നതെന്നും സിന്‍ഹ പരിഹസിച്ചു. 

സ്വകാര്യ നിക്ഷേപവും വ്യാവസായിക ഉത്പാദനവും കുത്തനെ കുറഞ്ഞു. കാര്‍ഷികരംഗത്തും തകര്‍ച്ചയാണുള്ളത്.
വന്‍ തൊഴില്‍ദായകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല. സര്‍വീസ് സെക്ടറും മന്ദഗതിയിലാണ് നീങ്ങുന്നത്.
സമ്പദ്‌വ്യവസ്ഥ ദുരന്തത്തിലേക്ക് നീങ്ങുകയാണെന്നും സിന്‍ഹ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com