ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ തള്ളി

പ്രതിപക്ഷത്തെ ഏഴു പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിരുന്നത്. 
dipak_misra
dipak_misra

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡു തള്ളി. ഭരണഘടനാ വിദഗ്ധരുമായും നിയമജ്ഞരുമായും കൂടിയാലോചന നടത്തിയ ശേഷമാണ് രാജ്യസഭാധ്യക്ഷന്റെ  തീരുമാനം.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ളം സംഘമാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിടാന്‍ നോട്ടീസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ഞായറാഴ്ച ഇക്കാര്യത്തില്‍ രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കൂടിയാലോചനകള്‍ക്കു തുടക്കമിട്ടിരുന്നു. പാര്‍ലമെന്ററി ചട്ടങ്ങളില്‍ വൈദഗ്ധ്യമുള്ളവരുമായും ഭരണ ഘടനാ വിദഗ്ധരുമായും അദ്ദേഹം കൂടിയാലോചനകള്‍ നടത്തി. ഇതിനു ശേഷമാണ് നോട്ടീസ് തള്ളുകയാണെന്ന് രാജ്യസഭാധ്യക്ഷന്‍ അറിയിച്ചത്.

പ്രതിപക്ഷത്തെ ഏഴു പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിരുന്നത്. 
നേരത്തെ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം പ്രതിപക്ഷം നടത്തിയിരുന്നെങ്കിലും, ചെറുപാര്‍ട്ടികള്‍ പിന്മാറിയതോടെ നിലയ്ക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലോയ കേസില്‍ സുപ്രീംകോടതിയുടെ വിധിയോടെ ഇംപീച്ച്‌മെന്റ് നീക്കത്തിന് വീണ്ടും ജീവന്‍ വയ്ക്കുകയായിരുന്നു. 

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനായി എംപിമാരുടെഒപ്പുശേഖരണം നടത്തിയതും ഗുലാം നബി ആസാദായിരുന്നു. ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുന്ന പ്രസ്താവനയില്‍ 62 എംപിമാരാണ് ഒപ്പുവച്ചത്. 1968ലെ ജഡ്ജസ് എന്‍ക്വയറി ആക്ട് അനുസരിച്ച് ലോക്‌സഭയിലെ 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ ഒപ്പുവച്ചാല്‍ ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കാമെന്നാണ് ചട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com