സര്‍ക്കാര്‍ ജോലിക്ക് വേണ്ടി പായാതെ പാന്‍ ഷോപ്പ് തുടങ്ങൂ, അഞ്ചുലക്ഷത്തിന്റെ ബാങ്ക് ബാലന്‍സ് ഉടമകളാകൂ; യുവാക്കളോട് ബിപ്ലബ് കുമാര്‍

ഇന്റര്‍നെറ്റ്, ഡയാന ഹൈഡന്‍, സിവില്‍ എന്‍ജിനീയര്‍ പ്രസ്താവനകള്‍ക്ക് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്
സര്‍ക്കാര്‍ ജോലിക്ക് വേണ്ടി പായാതെ പാന്‍ ഷോപ്പ് തുടങ്ങൂ, അഞ്ചുലക്ഷത്തിന്റെ ബാങ്ക് ബാലന്‍സ് ഉടമകളാകൂ; യുവാക്കളോട് ബിപ്ലബ് കുമാര്‍

അഗര്‍ത്തല: ഇന്റര്‍നെറ്റ്, ഡയാന ഹൈഡന്‍, സിവില്‍ എന്‍ജിനീയര്‍ പ്രസ്താവനകള്‍ക്ക് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇത്തവണ തൊഴിലന്വേഷകരായ യുവാക്കളോടാണ് ബിപ്ലബിന്റെ ഉപദേശം. സര്‍ക്കാര്‍ ജോലി തേടി വര്‍ഷങ്ങളോളം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാലെ പായുന്നത് അവസാനിപ്പിക്കാന്‍ ബിപ്ലബ് ആഹ്വാനം ചെയ്തു. ജീവിതത്തിലെ നിര്‍ണായ സമയം പാഴാക്കാതെ പാന്‍ ഷോപ്പ് തുടങ്ങിയാല്‍ അഞ്ചുലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സിന്റെ ഉടമകളായി യുവാക്കള്‍ മാറുമെന്നതാണ് ബിപ്ലബിന്റെ പുതിയ ഉപദേശം.

ത്രിപുര വെറ്റിനറി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് ബിപ്ലബിന്റെ മറ്റൊരു വിവാദ പരാമര്‍ശം. തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍ ബാങ്കില്‍ നിന്നും 75000 രൂപ വായ്പ എടുത്ത് സ്വയം തൊഴില്‍ കണ്ടെത്തിയാല്‍, പ്രതിമാസം 25000 രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്ന് ബിപ്ലബ് പറഞ്ഞു. ബിരുദധാരി കൃഷി ഉള്‍പ്പെടെയുളള മേഖലകള്‍ തെരഞ്ഞെടുക്കുന്നത് പ്രതിച്ഛായയ്ക്ക് മോശമാണെന്ന സങ്കുചിത മനോഭാവം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ മോദി സര്‍ക്കാര്‍ മുദ്ര യോജന ഉള്‍പ്പെടെയുളള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി അന്തസോടെ ജീവിക്കാന്‍ യുവാക്കള്‍ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സിവില്‍ സര്‍വീസിന് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എന്‍ജിനീയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നുമുളള ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. നേരത്തെ അഗര്‍ത്തലയിലെ പ്രഗ്‌ന ഭവനില്‍ നടന്ന കപ്യൂട്ടര്‍വത്കരണത്തെക്കുറിച്ചുള്ള ശില്‍പശാലയില്‍ ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള പ്രസ്താവനയിലുടെയാണ് ഇദ്ദേഹം വിവാദനായകനായി മാറിയത്. മഹാഭാരത കാലം മുതലേ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും ഇവിടെയുണ്ടായിരുന്നു. അല്ലാതെങ്ങനെയാണു കുരുക്ഷേത്ര യുദ്ധത്തില്‍ കാഴ്ചയില്ലാത്ത ധൃതരാഷ്ട്രരുടെ സാരഥിയായ സഞ്ജയനു കൃത്യമായ കണക്കുകളും വിവരങ്ങളും അദ്ദേഹത്തിനു നല്‍കാനായത്. അപ്പൊഴേ ഇവിടെ ഇന്റര്‍നെറ്റുണ്ട്. ആ സമയം മുതലേ ഉപഗ്രഹങ്ങളും സാങ്കേതിക വിദ്യകളും ഇവിടെയുണ്ടെന്നതിനു തെളിവാണിത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com