കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു; ഋഷികേഷ് റോയി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് 

കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി
കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു; ഋഷികേഷ് റോയി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് 

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു.കൊളീജിയം ശുപാര്‍ശ ചെയ്ത മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പേരുള്‍ക്കൊപ്പമാണ് ജോസഫിന്റെ നിയമനത്തിനും കേന്ദ്രം അംഗീകാരം നല്‍കിയത്. ഇതുകൂടാതെ കേരളാ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന ഋഷികേഷ് റോയിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കെ എം ജോസഫിനേയും നിയമിക്കാന്‍ ജനുവരി 10ന് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ജോസഫിന്റെ പേര് അംഗീകരിച്ചില്ല. തുടര്‍ന്ന് ജൂലായ് 16ന് യോഗം ചേര്‍ന്ന് ജോസഫിനെ ജഡ്ജിയാക്കാന്‍ കൊളീജിയം വീണ്ടും ശുപാര്‍ശ നല്‍കുകയായിരുന്നു. ഒരു പേര് രണ്ടാമതും കൊളീജിയം ശുപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. മനസില്ലാമനസോടെയാണെങ്കിലും ഇതാണിപ്പോള്‍ കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്.

അഖിലേന്ത്യാ തലത്തിലുള്ള സീനിയോറിറ്റിയില്‍ 42 ാം സ്ഥാനത്താണ് ജസ്റ്റിസ് കെ എം ജോസഫ് എന്ന വാദമാണ് കേന്ദ്രം ആദ്യഘട്ടത്തില്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സുപ്രിംകോടതി ജഡ്ജിയായ ദീപക് ഗുപ്ത സീനിയോറിറ്റിയില്‍ 46 പേരെ പിന്തള്ളിയാണ് പദവിയിലെത്തിയതെന്നത് വിമര്‍ശനമായി ഉയര്‍ന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ് നിലവില്‍ സുപ്രിം കോടതി ജഡ്ജിയായിനാല്‍ കെ എം ജോസഫിനെ കൂടി ഉള്‍പ്പെടുത്തിയാല്‍ കേരള ഹൈക്കോടതിക്ക് അനര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന വിചിത്ര വാദവും കേന്ദ്രം ഉയര്‍ത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com