മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

കഠിനമായ ശ്വാസതടസ്സത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു.
മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

ന്യൂഡല്‍ഹി : മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസ്സായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. കഠിനമായ ശ്വാസതടസ്സത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. ഇതിനിടെ ഹൃദയാഘാതവുമുണ്ടായി. 

വെന്റിലേറ്ററില്‍ വെച്ച് അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തുകയും ചെയ്തിരുന്നു. ജൂണ്‍ അവസാനവാരം തലച്ചോറിനുള്ളില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

മസ്തിഷ്‌കാഘാതം എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയ അദ്ദേഹത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ വീണ്ടും അദ്ദേഹത്തിന്റെ നില മോശമാവുകയായിരുന്നു.മുന്‍ സിപിഎം നേതാവായ സോമനാഥ് ചാറ്റര്‍ജി 2004 മുതല്‍ 2009 വരെ ലോക്‌സഭ സ്പീക്കറായിരുന്നു. ലോക്‌സഭാ സ്പീക്കറാകുന്ന ആദ്യ കമ്യൂണിസ്റ്റ് നേതാവാണ് സോമനാഥ് ചാറ്റര്‍ജി

1985 മുതല്‍ 2009 വരെ പശ്ചിമബംഗാളിലെ ബോല്‍പൂരിനെ സോമനാഥ് ചാറ്റര്‍ജി ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിന്‍രെ കാലത്തായിരുന്നു സോമനാഥ് ചാറ്റര്‍ജി സ്പീക്കറായത്. 2008 ല്‍ സിപിഎം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സ്പീക്കര്‍സ്ഥാനം രാജിവെക്കാനുള്ള പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com