എ ബി വാജ്‌പേയി അന്തരിച്ചു; വിട വാങ്ങിയത് ബിജെപിയുടെ സൗമ്യമുഖം

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു
എ ബി വാജ്‌പേയി അന്തരിച്ചു; വിട വാങ്ങിയത് ബിജെപിയുടെ സൗമ്യമുഖം


ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു.  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന വാജ് പേയിയുടെ നില അതീവ ഗുരുതരമായിരുന്നു.

1924 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ഗ്വാളിയറില്‍ കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണാ ദേവിയുടെയും മകനായി ജനിച്ചു. കാന്‍പുര്‍ സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ എംഎ നേടിയശേഷം നിയമപഠനത്തിനു ചേര്‍ന്നെങ്കിലും അതു പൂര്‍ത്തിയാക്കും മുന്‍പ് സ്വാതന്ത്യ്രസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യ സമരകാലത്തു ജയിലില്‍ കിടന്നു. 1951ല്‍ ജനസംഘം രൂപം കൊണ്ടപ്പോള്‍ സ്ഥാപകാംഗമായി. 1968 മുതല്‍ 1973 വരെ ജനസംഘത്തിന്റെ പ്രസിഡന്റുമായി. 1977ല്‍ ജനതയില്‍ ലയിച്ച ജനസംഘം പിന്നീട് 1980 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയായി പുനര്‍ജനിച്ചപ്പോള്‍ വായ്‌പേയിയായിരുന്നു ആദ്യ പ്രസിഡന്റ്. അതുല്യനായ പ്രസംഗകനായിരുന്നു വാജ്‌പേയി. അറിയപ്പെടുന്ന കവിയും. 1977 ല്‍ അടിയന്തരാവസ്ഥക്കാലത്തു ജയിലിലായിരുന്നപ്പോള്‍ എഴുതിയ കവിതകളുടെ സമാഹാരമാണ് ആദ്യം പുറത്തിറക്കിയത്. പിന്നീടും കവിതകള്‍ പുറത്തുവന്നു.
 

ഒന്‍പത് ആഴ്ചയായി ആശുപത്രിയില്‍ കഴിയുന്ന വാജ്‌പേയിയുടെ നില ഞായറാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

ഞായറാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു.ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, രാധാ മോഹന്‍ സിങ്, പിയുഷ് ഗോയല്‍, സ്മൃതി ഇറാനി, ഡോ.ഹര്‍ഷവര്‍ധന്‍, സുരേഷ് പ്രഭു, ബിജെപി എംപി മീനാക്ഷി ലേഖി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരും വാജ്‌പേയിയെ സന്ദര്‍ശിച്ചു.

ജൂണ്‍ 11നാണ് വാജ്‌പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം, മൂത്രതടസ്സം, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെ തുടര്‍ന്നാണു വാജ്‌പേയിയെ ആശുപത്രിയിലാക്കിയത്. കുറച്ചുകാലമായി അദ്ദേഹത്തിന്റെ ഒരു വൃക്ക മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. 

വാജ്‌പേയിയുടെ നില കണക്കിലെടുത്ത് ബിജെപി ഇന്നു നടത്താനിരുന്ന പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു.എയിംസ് ആശുപത്രിയുടെ പരിസരത്ത് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com