ഹിന്ദിഹൃദയഭൂമിയില്‍ ബിജെപിക്ക് വന്‍തിരിച്ചടി; സീറ്റുകള്‍ പകുതിയിലേറെ കുറഞ്ഞു

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി
ഹിന്ദിഹൃദയഭൂമിയില്‍ ബിജെപിക്ക് വന്‍തിരിച്ചടി; സീറ്റുകള്‍ പകുതിയിലേറെ കുറഞ്ഞു

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപി ഭരിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളും പാര്‍ട്ടിയെ കൈവിട്ടു എന്ന സന്ദേശം നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലസൂചനകള്‍. ഛത്തീസ്ഗഡില്‍ മൂന്നില്‍ രണ്ടിടത്തും ലീഡ് നേടി കോണ്‍ഗ്രസ് ഏതാണ്ട് അധികാരം ഉറപ്പാക്കി കഴിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും കേവലഭൂരിപക്ഷത്തിന്റെ അടുത്ത് എത്തി നില്‍ക്കുകയാണ് കോണ്‍ഗ്രസ്.

90 സീറ്റുകളുളള ഛത്തീസ്ഗഡില്‍ 57 ഇടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 26 ഇടത്ത് മാത്രമാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. 2013ല്‍ 49 സീറ്റുകളില്‍ വിജയിച്ചാണ് ബിജപി അധികാരത്തില്‍ എത്തിയത്. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ പകുതിയോളം സീറ്റുകളില്‍ ബിജെപി പരാജയപ്പെടുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.ബിജപി മുഖ്യമന്ത്രി രമണ്‍സിങ് മൂന്നാംസ്ഥാനത്തേയ്ക്ക പിന്തളളപ്പെടുന്നതിനും സംസ്ഥാനം സാക്ഷിയായി.

രാജസ്ഥാനില്‍ 97 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുകയാണ്. 100 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 83 ഇടത്ത് മാത്രമാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. 2013ല്‍ 163 സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ ബിജെപിക്ക് ഇത്തവണ 60 സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. പ്രതീക്ഷിച്ച ഒരു നേട്ടം കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അധികാരത്തില്‍ തിരിച്ചെത്തുമെന്ന സൂചനകളെ ബലപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍. 2013ല്‍ വെറും 21 സീറ്റുകള്‍ മാത്രം നേടിയ സ്ഥാനത്താണ് കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്.

ഇഞ്ചോടിച്ച് പോരാട്ടം നടന്ന മധ്യപ്രദേശില്‍ 115 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. 103 ഇടത്ത് മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. കേവലഭൂരിപക്ഷത്തിന്  116 സീറ്റുകള്‍ വേണം. 2013ല്‍ 165 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. ശിവരാജ്‌സിങ് ചൗഹാന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ നില ഭദ്രമാണ് എന്ന കണക്കുകൂട്ടലാണ് ഇപ്പോള്‍ തെറ്റിയിരിക്കുന്നത്. കഴിഞ്ഞ തവണ വെറും 58 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന കോണ്‍്ഗ്രസ് സീറ്റുനില ഇരട്ടിയാക്കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com