

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമാണെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രക്ഷോഭത്തിലേക്ക്. ബജറ്റിനെതിരെ ബിഎംഎസ്് വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രകടനം നടത്തും. ആറ്, എട്ട് തീയതികളില്‍ ദേശീയ നിര്‍വാഹക സമിതി ചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിക്കുമെന്ന് അധ്യക്ഷന്‍ അഡ്വ. സജി നാരായണനും ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായയും അറിയിച്ചു.
കരാര്‍ നിയമനം വ്യാപകമാക്കുന്നതിനു പച്ചക്കൊടി കാട്ടുന്നതാണ് ബജറ്റെന്ന് ബിഎംഎസ് ആരോപിക്കുന്നു. സ്ഥിരംതൊഴിലിനുപകരം എല്ലാ മേഖലകളിലും നിശ്ചിതകാല തൊഴില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തിന്മേല്‍ ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. അതിനിടയിലാണ് ബജറ്റില്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ബിഎംഎസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
തൊഴിലാളികളുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവുമില്ലാത്ത ബജറ്റാണ് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചത്. അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങളും ഇപിഎഫ് തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടില്ല. പെന്‍ഷന്‍ ആയിരം രൂപയില്‍നിന്ന് വര്‍ധിപ്പിക്കണമെന്ന ആവശ്യവും തള്ളിയതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അസംഘടിത മേഖലയ്ക്കുള്ള സാമൂഹിക സുരക്ഷാനിധിയിലേക്ക് ഒരു വിഹിതവും ബജറ്റിലില്ല. ആദായനികുതി ഇളവുകള്‍ നല്‍കാത്തതിനാല്‍ മധ്യവര്‍ഗക്കാരായ തൊഴിലാളികളും അതൃപ്തിയിലാണ്. സ്ത്രീകളുടെ ഇപിഎഫ് വിഹിതം കുറച്ചതുവഴി അവരുടെ ഭാവി സമ്പാദ്യം 16 ശതമാനം കുറയും. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ല. തൊഴിലാളി വിരുദ്ധമാണ് ബജറ്റ് ബിഎം.എസ്. നേതാക്കള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates