കാലിത്തീറ്റ കുംഭകോണം : ലാലുവിന്റെ ശിക്ഷാ പ്രഖ്യാപനം നാളത്തേക്ക് മാറ്റി

ഇത് രണ്ടാം തവണയാണ് കേസില്‍ ശിക്ഷ പ്രഖ്യാപനം മാറ്റുന്നത്.  റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്.
കാലിത്തീറ്റ കുംഭകോണം : ലാലുവിന്റെ ശിക്ഷാ പ്രഖ്യാപനം നാളത്തേക്ക് മാറ്റി


റാഞ്ചി : കാലിത്തീറ്റ കുഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. ഇത് രണ്ടാം തവണയാണ് കേസില്‍ ശിക്ഷ പ്രഖ്യാപനം മാറ്റുന്നത്.  റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്. കേസില്‍ ലാലു ഉള്‍പ്പെടെ 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്ര അടക്കം ആറു പ്രതികളെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്. 

ബുധനാഴ്ച കേസ് പരിഗണിച്ച പ്രത്യേക സിബിഐ കോടതി വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ച് കോടതി ശിക്ഷ പ്രഖ്യാപനം നാളത്തേക്ക് വീണ്ടും മാറ്റുകയായിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണ് കോടതി പരിഗണിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റാഞ്ചിയില്‍ വന്‍ പൊലീസ് സന്നാഹങ്ങളാണ് ഒരുക്കിയത്.

റാഞ്ചിയിലെ ബിര്‍സാ മുണ്ഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലാലുവിനെ ശിക്ഷ കേള്‍ക്കുന്നതിനായി കോടതി്യില്‍ ഹാജരാക്കിയിരുന്നു. 1991-94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്. ലാലു അടക്കം പതിനാറ് പേര്‍ക്കെതിരെ അഴിമതി നിരോധനനിയമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി റാഞ്ചി സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവ്പാല്‍ സിങ് കണ്ടെത്തിയിരുന്നു.

കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചുകേസുകളില്‍ ലാലു പ്രതിയാണ്. ആദ്യകേസില്‍ അഞ്ചുവര്‍ഷം തടവും 25 ലക്ഷം പിഴയും വിധിച്ചു. 2013ലായിരുന്നു വിധി. രണ്ടരമാസം ജയിലില്‍ കിടന്ന ലാലുപ്രസാദ്, സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. മറ്റു കേസുകളില്‍ ലാലുവിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഒന്‍പത് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കാനും കഴിഞ്ഞ മേയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com