കാരാട്ടിനെ പിന്തുണച്ച് ആര്‍എസ്പി; സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയത് കോണ്‍ഗ്രസ് 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരണം വേണ്ടായെന്ന  മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ പിന്തുണച്ച് ആര്‍എസപി ദേശീയ നേതൃത്വം.
കാരാട്ടിനെ പിന്തുണച്ച് ആര്‍എസ്പി; സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയത് കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരണം വേണ്ടായെന്ന  മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ പിന്തുണച്ച് ആര്‍എസപി ദേശീയ നേതൃത്വം. കോണ്‍ഗ്രസുമായി ബന്ധം വേണ്ടായെന്ന കാരാട്ടിന്റെ നിലപാടാണ് ശരി.  സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും ആര്‍എസ്പി സെക്രട്ടറിയേറ്റ് അംഗം മനോജ് ഭട്ടാചാര്യകുറ്റപ്പെടുത്തി
. ഇവരുമായി ആര്‍എസ്പി കേരളഘടകം സഖ്യത്തിലേര്‍പ്പെട്ടത് ദൗര്‍ഭാഗ്യകരമായി പോയി. ഇത് തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ ജനാധിപത്യപാര്‍ട്ടികളെ മാത്രമേ ഇടതുപക്ഷത്തിന് കൂടെ കൂട്ടാന്‍ കഴിയുകയുളളു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്താണെന്ന് സിപിഎം തെളിയിച്ചു. കോണ്‍ഗ്രസ് മൃദുഹിന്ദുത്വനയമാണ് സ്വീകരിക്കുന്നതെന്നും ആര്‍എസ്പി ദേശീയ നേതൃത്വം വിമര്‍ശിച്ചു. 

നേരത്തെ കോണ്‍ഗ്രസ് ബന്ധത്തില്‍ തന്റെ നിലപാട് കേന്ദ്ര കമ്മിറ്റി തള്ളിയ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് രംഗത്തുവന്നിരുന്നു. കേന്ദ്രകമ്മിറ്റിയില്‍ യെച്ചൂരി രാജിസന്നദ്ധത അറിയിച്ചില്ലെന്ന് കാരാട്ട് പറഞ്ഞു. അതേസമയം രാജിവയ്ക്കാന്‍ തയാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചതായി യെച്ചൂരി ആവര്‍ത്തിച്ചു.

ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിനു നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരിയുടെ വാദത്തെ പ്രകാശ് കാരാട്ട് തള്ളിയത്. കേന്ദ്ര കമ്മിറ്റിയില്‍ യെച്ചൂരി രാജിസന്നദ്ധത അറിയിച്ചില്ല. മാധ്യമങ്ങളില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതു സ്വാഭാവികവുമാണ്. എന്നാല്‍ അതിനെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രകാശാ കാരാട്ട് അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം പൊളിറ്റ് ബ്യൂറോയെയും കേന്ദ്ര കമ്മിറ്റിയെയും രാജിസന്നദ്ധത അറിയിച്ചെന്ന് യെച്ചൂരി ആവര്‍ത്തിച്ചു. എന്നാല്‍ തന്നോടു തുടരാന്‍ ആവശ്യപ്പെടുകയാണ് പാര്‍ട്ടി ചെയ്തത്. അല്ലാത്തപക്ഷം അതു മോശം സന്ദേശമായിരിക്കും നല്‍കുക എന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. ത്രിപുര തെരഞ്ഞെടുപ്പിന്റെയും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ അത്തരമൊരു നടപടി പാടില്ലെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. അതിന് താന്‍ വഴങ്ങുകയായിരുന്നുവെന്ന് യെച്ചൂരി വിശദീകരിച്ചു.

ജനസംഘവുമായുള്ള ബന്ധത്തില്‍ തന്റെ നിലപാട് പാര്‍ട്ടി തള്ളിയതിനെത്തുടര്‍ന്ന് പി സുന്ദരയ്യ ജനറല്‍ സെക്രട്ടറിപദം രാജിവച്ചതാണ്, യെച്ചൂരിയുടെ രാജി ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം യുപിഎ സര്‍ക്കാരില്‍ പങ്കാളിയാവണമെന്ന നിലപാട് പാര്‍ട്ടി തള്ളിയിട്ടും ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് ജനറല്‍ സെക്രട്ടറിപദത്തില്‍ തുടര്‍ന്നത് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com