ഷിരൂര്‍ മഠാധിപതിയുടെ മരണം വിഷം അകത്തുചെന്ന് ? കൊലപാതക സാധ്യത  തള്ളാതെ പൊലീസ്‌  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2018 10:20 AM  |  

Last Updated: 21st July 2018 10:20 AM  |   A+A-   |  

ഉഡുപ്പി :  ഷിരൂര്‍ മഠാധിപതി സ്വാമി ലക്ഷ്മീവരതീര്‍ഥയുടേത് വിഷം ഉള്ളില്‍ ചെന്നുള്ള മരണമെന്ന് പൊലീസ്. ഭക്ഷണത്തിലൂടെയാണ് സ്വാമിയുടെ ശരീരത്തില്‍ വിഷം അകത്തുചെന്നതായാണ് വിലയിരുത്തല്‍.  എന്നാല്‍ സ്വാമിയുടെ ഒപ്പം ഭക്ഷണം കഴിച്ച മറ്റാര്‍ക്കും വിഷബാധയേറ്റിട്ടില്ല എന്നത് കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി പൊലീസ് സൂചിപ്പിക്കുന്നു. സ്വാമിക്കു വിളമ്പിയ ഭക്ഷണത്തില്‍ മാത്രം വിഷം ചേര്‍ത്തു കൊലപ്പെടുത്തിയതാണ് എന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ലതവ്യ ആചാര്യ മരണദിവസം തന്നെ ആരോപിച്ചിരുന്നു. 

മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മഠത്തിലെ അടുക്കള സാമഗ്രികളും മറ്റും കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താനുള്ള നടപടികള്‍ തുടങ്ങി. മഠത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തെ ഷിരൂര്‍ മഠത്തിലും ഷിരൂരിലെ മൂലസ്ഥാനത്തും പൊലീസ് കാവല്‍ ശക്തമാക്കി. പൊലീസ് അന്വേഷണം പൂര്‍ത്തിയാകും വരെ മഠങ്ങളില്‍ ആളുകള്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐജി അരുണ്‍ ചക്രവര്‍ത്തി, ജില്ലാ പൊലീസ് മേധാവി ലക്ഷ്മണ്‍ നിമ്പര്‍ഗി എന്നിവര്‍ ഷിരൂരിലെ മഠത്തിലെത്തി അന്വേഷണം നടത്തി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വിഷം ഉള്ളില്‍ ചെന്നതാണെന്ന് കണ്ടെത്തിയത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചതായും സൂചനയുണ്ട്. കഴിഞ്ഞ മാസം കണ്ടപ്പോള്‍ സ്വാമി തന്റെ ജീവനു ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നതായി അഭിഭാഷകന്‍ രവികിരണ്‍ മുരുഡേശ്വറും വ്യക്തമാക്കിയിരുന്നു. 

ശ്രീകൃഷ്ണ മഠത്തിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്വാമി ലക്ഷ്മീവരതീര്‍ഥയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി രവികിരണ്‍ മുരുഡേശ്വര്‍ പറഞ്ഞു. ഇതര അഷ്ടമഠ സ്വാമിമാര്‍ തനിക്കെതിരെ നിയമനടപടിക്ക് നീക്കം നടത്തുന്നുണ്ട്. ഇത്തരം നീക്കം ഉണ്ടായാല്‍ തന്റെ ഭാഗം കേള്‍ക്കാതെ തീര്‍പ്പു കല്‍പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി കോടതിയില്‍ സ്വാമി ലക്ഷ്മീവരതീര്‍ഥ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നതായി അഭിഭാഷകന്‍ വ്യക്തമാക്കി.