അവിശ്വാസപ്രമേയം വീണ്ടും സഭയുടെ പരിഗണനയ്ക്ക്; പ്രതിപക്ഷ പാര്‍ട്ടികളുടെ കൈകോര്‍ക്കലിന് ശക്തികൂട്ടും

എഐഡിഎംകെ, ടിആര്‍എസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്
അവിശ്വാസപ്രമേയം വീണ്ടും സഭയുടെ പരിഗണനയ്ക്ക്; പ്രതിപക്ഷ പാര്‍ട്ടികളുടെ കൈകോര്‍ക്കലിന് ശക്തികൂട്ടും

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്ന വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്ക് വന്നേക്കും. തെലുഗുദേശം പാര്‍ട്ടിയും, ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും കൊണ്ടുവന്ന അവിശ്വാസപ്രമേയം വെള്ളിയാഴ്ച സഭ പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ മാറ്റിവയ്ക്കുകയായിരുന്നു. 

രണ്ട് അവിശ്വാസപ്രമേയ നോട്ടീസ് കിട്ടിയതായി സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. സ്പീക്കറിന്റെ പ്രതികരണം വന്നതിന് പിന്നാലെ അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ്, ഇടത് എംപിമാര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന ആവശ്യം കേന്ദ്രം തള്ളിയതില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും എന്‍ഡിഎയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസും നല്‍കുകയായിരുന്നു. എന്നാല്‍ ക്രമപ്രകാരമല്ല സഭാ നടപടികള്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ട സ്പീക്കര്‍ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കുന്നത് പിന്നത്തേക്ക്‌ മാറ്റുകയായിരുന്നു. 

50 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസപ്രമേയത്തിന് അവതരണാനുമതി ലഭിക്കണമെങ്കില്‍ വേണ്ടത്. കോണ്‍ഗ്രസ്, ഇടത് ഉള്‍പ്പെടെ എട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചാല്‍ ഇതിന് ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചാല്‍ സഭാ നടപടികള്‍ ക്രമപ്രകാരമല്ല എന്ന ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കുന്നത് ഒഴിവാക്കാം. എഐഡിഎംകെ, ടിആര്‍എസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വേറെ വിഷയങ്ങള്‍ ഉന്നയിച്ച് സഭയില്‍ എത്തുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്‌.

കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്നില്ല ഈ അവിശ്വാസപ്രമേയം എങ്കിലും പ്രതിപക്ഷ സഖ്യത്തിന്റെ കൈകോര്‍ക്കലിന് ശക്തി പകരുന്നതായിരിക്കും ലോക്‌സഭയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒന്നിച്ചുള്ള നില്‍പ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com