മോദി വിവരങ്ങള്‍ ചോര്‍ത്തുന്നവരുടെ ബിഗ് ബോസ്; ചോര്‍ത്തി നല്‍കുന്നത് സ്വകാര്യ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയെന്ന് രാഹുല്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 26th March 2018 12:09 PM  |  

Last Updated: 26th March 2018 12:41 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നമോ ആപ്പിലെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന ഫ്രഞ്ച് സുരക്ഷാ നിരീക്ഷകന്‍ എലിയറ്റ് ആല്‍ഡേഴ്‌സന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ  ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ആപ്പ് ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങലും സംഭാഷണങ്ങളുമടക്കമാണ് അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. 

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നരുടെ സുഹൃത്തുക്കളുമായും കുടുംബാഗംങ്ങളുമായുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും കോണ്‍ടാക്റ്റ് വിവരങ്ങളും ചോര്‍ത്തുന്നുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന ബിഗ് ബോസാണ് മോദിയെന്നും രാഹുല്‍ ട്വിറ്ററിലൂടെ പരിഹസിക്കുന്നു. 

ഇപ്പോള്‍ മോദിക്ക് നമ്മുടെ കുട്ടികളുടെ വിവരങ്ങളും വേണം.പതിമൂന്ന് ലക്ഷം എന്‍സിസി കേഡറ്റുകളെ നിര്‍ബന്ധിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. 

ഹായ്, ഞാന്‍ നരേന്ദ്ര മോദി, ഞാന്‍ ഇന്ത്യയുടെ പ്രധാനനമന്ത്രിയാണ്, എന്റെ ഒഫിഷ്യല്‍ ആപ്ലിക്കേഷനില്‍ ചേര്‍ന്നാല്‍ എല്ലാവരുടേയുംം  വിരങ്ങള്‍ അമേരിക്കന്‍ കമ്പനിയിലുള്ള എന്റെ സുഹുത്തുക്കള്‍ക്ക് ചോര്‍ത്തി നല്‍കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ രാഹുല്‍ മോദിയെ പരിഹസിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ശക്തമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്ത് വന്നിരിക്കുന്നത്. 

പ്രധാനമന്ത്രിയുടെ ഒഫിഷ്യല്‍ ആപ്ലിക്കേഷന് എതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് ആല്‍ഡേഴ്‌സണ്‍ നടത്തിയിരുന്നത്. നരേന്ദ്ര മോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ ശി.ം്വൃസ.േരീാ എന്ന അമേരിക്കന്‍ ഡൊമൈനിലേക്ക് ചോര്‍ത്തപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററിലൂടെയാണ് ആല്‍ഡേഴ്‌സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഉപയോക്താവിന്റെ ഇ മെയില്‍ വിവരങ്ങളും ഫോട്ടോകളും കോണ്‍ടാക്റ്റ് നമ്പരും അടക്കം ചോര്‍ത്തി നല്‍കുന്നുണ്ട് എന്നാണ് ആല്‍ഡേഴ്‌സണ്‍ ആരോപിക്കുന്നത്.

നരേന്ദ്ര മോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ഡിവൈസിനെയും നെറ്റ് വര്‍ക്കിനെയും കുറിച്ചുള്ള വിവരങ്ങളും സ്വകാര്യ വിവരങ്ങളും നിങ്ങളുടെ സമ്മതമില്ലാതെ ഒരു തേര്‍ഡ് പാര്‍ട്ടി ഡൊമൈനിലേക്ക് കൈമാറുന്നുണ്ട് എന്ന് ആല്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു.
ക്ലെവര്‍ ടാപ് എന്ന അമേരിക്കന്‍ കമ്പനിയാണ് ഈ ഡൊമൈനിന്റെ ഉടമകളെന്നും ആല്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു.
കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇവരുമായി കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ബന്ധമുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നരേന്ദ്ര മോദി ആപ്പിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആല്‍ഡേഴ്‌സണ്‍ രംഗത്ത് വന്നിരിക്കുന്നത്.

കോണ്‍ഗ്രസും ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്ത് ചോര്‍ത്തികൊടുക്കുന്നുണ്ടെന്നും അതിന്റെ വെളിപ്പെടുത്തലുകള്‍ ഇന്ന് നടത്തുമെന്നാണ് ആല്‍ഡേഴ്‌സണ്‍ പറഞ്ഞിരിക്കുന്നത്.