മോദി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു ; പ്രധാനമന്ത്രിയെയും യെദ്യൂരപ്പയെയും പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സിദ്ധരാമയ്യ

തന്റെ മല്‍സരം മോദിയുമായിട്ടല്ല, യെദ്യൂരപ്പയുമായിട്ടാണ്. പ്രതിഛായയുള്ള നേതാക്കളുടെ അഭാവം മൂലമാണ് പ്രചാരണങ്ങള്‍ക്കായി മോദിയെ ഇറക്കിയത്
മോദി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു ; പ്രധാനമന്ത്രിയെയും യെദ്യൂരപ്പയെയും പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സിദ്ധരാമയ്യ

ബംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുകയാണ്. കര്‍ണാടക സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസിനെതിരെയും കടുത്ത ആക്രമണമാണ് ബിജെപിയും മോദിയും നടത്തുന്നത്. എന്നാല്‍ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആരോപിച്ചു. 

നരേന്ദ്രമോദി യാതൊരു വസ്തുതയുമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വെറും വാചക കസര്‍ത്ത് മാത്രമാണത്. തന്റെ മല്‍സരം മോദിയുമായിട്ടല്ല,  യെദ്യൂരപ്പയുമായിട്ടാണ്. കര്‍ണാടകയിലെ ഭരണനേട്ടങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയെയും യെദ്യൂരപ്പയെയും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ വെല്ലുവിളി.
 

ബിജെപിയില്‍ പ്രതിഛായയുള്ള നേതാക്കളുടെ അഭാവം മൂലമാണ് പ്രചാരണങ്ങള്‍ക്കായി മോദിയെ ഇറക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ മോദി വ്യക്തിഹത്യ നടത്തുകയാണെന്നും സ്വന്തം പദവിക്ക് ചേരാത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 

പൊള്ളയായ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും നിർത്തൂ. പൊതുവേദിയിൽ പരസ്യ സംവാദത്തിലേർപ്പെടാം. നിങ്ങൾ പറയുന്ന സ്ഥലത്തും സമയത്തും സംവാദത്തിന് വരാൻ ഞാൻ തയ്യാറാണ്. എല്ലാം മനസ്സിലാക്കിയശേഷം ഏതാണ് ശരിയെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളേയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനും മോദിയേയും യെദ്യൂരപ്പയേയും സംവാദത്തിന് ക്ഷണിക്കുന്ന പരസ്യം എല്ലാ ദിനപത്രങ്ങളിലും കർണാടക കോൺ​ഗ്രസ് നേതൃത്വം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com