വിട്ടുപോയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തി?; കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് 

കര്‍ണാടകയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തില്‍ ഇന്ന് നാല് മണി നിര്‍ണായക സമയം
വിട്ടുപോയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തി?; കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് 


ബെംഗലൂരു: കര്‍ണാടകയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തില്‍ ഇന്ന് നാല് മണി നിര്‍ണായക സമയം. സുപ്രീംകോടതി ഉത്തരവ് പ്രകാരം ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഭൂരിപക്ഷം തെളിയിക്കാന്‍ വാജുഭായ് വാല നല്‍കിയ 15 ദിവസത്തെ കാലാവധി വെട്ടിക്കുറച്ച സുപ്രീംകോടതി എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുകയായിരുന്നു. തിങ്കളാഴ്ച വരെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്ന കോടതി നിര്‍ദേശം കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം അംഗീകരിച്ചു. 111പേരാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. നിലവില്‍ ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ജെഡിഎസ്-കോണ്‍ഗ്രസ്-ബിഎസ്പി സഖ്യത്തിന് 115 അംഗങ്ങളുടെ പിന്തുണയുണ്ട്. 

അതേസമയം, സഭാനടപടികള്‍ക്കു നേതൃത്വം നല്‍കാന്‍ ബിജെപി അംഗം കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തുള്ള ഗവര്‍ണറുടെ നടപടിക്കെതിരെ രാത്രിതന്നെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ഇത് ഇന്നു രാവിലെ 10.30നു പരിഗണിക്കും. 

ബിജെപിയുടെ പ്രലോഭനങ്ങള്‍ ഭയന്ന് ഹൈദരാബാദിലേക്ക് മാറ്റിയ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബെംഗലൂരുവിലെത്തി. 77എംഎല്‍എമാര്‍ കൂടെയുണ്ട് എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. മാറി നിന്ന എംഎല്‍എമാരായ ആനന്ദ് സിങും പ്രതാപ് പാട്ടീലും തിരിച്ചെത്തിയതായി സൂചനയുണ്ട്.രണ്ട് ജെഡിഎസ് എംഎല്‍എമാരെ ബിജെപി ചാക്കിലാക്കി എന്നും അറിയുന്നു. ഡെജിഎസ് നേതാവ് കുമാരസാമി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ തിരിച്ചെത്തുമെന്നും കുമാരസാമി പറഞ്ഞു.  

കോണ്‍ഗ്രസ് എംഎല്‍എമാരെ പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്ത് ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതാവ് ജനാര്‍ദ്ദന റെഡ്ഡിയുടെ ഫോണ്‍ സംഭാഷണം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. റായ്ചൂര്‍ റൂറലില്‍ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം. അമിത് ഷായുമായി നേരിട്ടു സംസാരിക്കാന്‍ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നല്‍കി.യദ്യൂരപ്പ മന്ത്രിസഭയില്‍ ഏത് വകുപ്പു വേണമെങ്കിലും നല്‍കാമെന്നും വാഗ്ദാനമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com