തൂത്തുക്കുടിയിലെ വെടിവെപ്പ് ആസൂത്രിതം?; പൊലീസ് വാനിന് മുകളില്‍ നിന്ന് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌ 

തൂത്തുക്കുടിയിലെ പൊലീസ്‌ വെടിവെപ്പ് ആസൂത്രിതമാണെന്ന് ശരിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
തൂത്തുക്കുടിയിലെ വെടിവെപ്പ് ആസൂത്രിതം?; പൊലീസ് വാനിന് മുകളില്‍ നിന്ന് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌ 

ചെന്നൈ: തൂത്തുക്കുടിയിലെ പൊലീസ്‌ വെടിവെപ്പ് ആസൂത്രിതമാണെന്ന് ശരിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സാധാരണ വേഷത്തിലെത്തിയ പരിശീലനം നേടിയ ഷൂട്ടര്‍ പൊലീസ്‌ ബസ്സിനു മുകളില്‍ കയറി നിന്ന് സമരക്കാരെ തിരഞ്ഞ് പിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

കലാപം നിയന്ത്രിക്കാനുള്ള പ്രത്യേക സേനയെയും, സ്വയരക്ഷാ മുന്‍കരുതലുകളുമെടുത്ത പോലീസുകാരെയും വീഡിയോയില്‍ കാണാം. കമാന്‍ഡോയുടെ ശാരീരിക ചലനങ്ങളോടെ സാധാരണ വേഷത്തില്‍ ഒരാള്‍ പൊടുന്നനെ ബസ്സിനു മുകളിലേക്ക് കയറുന്നതും പ്രത്യേക ട്രെയിനിങ് ലഭിച്ച ഷൂട്ടര്‍മാരെ പോലെ ആളുകളെ ഉന്നം വെച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്

സമരക്കാരെ പിന്‍തിരിപ്പിക്കുന്നതിനായി ആദ്യം ആകാശത്തെക്ക് വെടിവെക്കാത്തതും സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. വെടിവെപ്പില്‍ 11 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള സ്‌റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.  മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഏകാംഗകമ്മിഷനെ നിയമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

തൂത്തുക്കുടി കുമാരറെഡിയാപുരം ഗ്രാമത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്‌റ്റെര്‍ലൈറ്റ് ചെമ്പ്‌സംസ്‌കരണശാലക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചത്. ചെമ്പ്‌സംസ്‌കരണശാലയില്‍നിന്നുള്ള രാസമാലിന്യങ്ങള്‍ ജലവും വായുവും മണ്ണും ഒരുപോലെ മലിനപ്പെടുത്തുന്നു എന്നാണ് പരാതി. സമരം നൂറുദിവസം പിന്നിടുന്ന വേളയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് കളക്ടര്‍ എന്‍. വെങ്കിടേഷ് ചൊവ്വാഴ്ച രാവിലെ മുതല്‍ ഒരുദിവസത്തേക്ക് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് മറികടന്നായിരുന്നു പ്രതിഷേധപ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com