ഹിന്ദുത്വത്തെക്കുറിച്ച് പറയേണ്ടവർ ബ്രാഹ്മണർ; കോൺ​ഗ്രസ് നേതാവിനെ തിരുത്തി മാപ്പ് പറയിച്ച് രാഹുൽ ​ഗാന്ധി

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിയ്ക്കേ നരേന്ദ്ര മോദിയേയും ഉമാഭാരതിയേയും ജാതി പറഞ്ഞ് ആക്ഷേപിച്ച് കോൺ​ഗ്രസ് സ്ഥാനാർത്ഥി വെട്ടിലായി
ഹിന്ദുത്വത്തെക്കുറിച്ച് പറയേണ്ടവർ ബ്രാഹ്മണർ; കോൺ​ഗ്രസ് നേതാവിനെ തിരുത്തി മാപ്പ് പറയിച്ച് രാഹുൽ ​ഗാന്ധി

ജയ്‍പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിയ്ക്കേ നരേന്ദ്ര മോദിയേയും ഉമാഭാരതിയേയും ജാതി പറഞ്ഞ് ആക്ഷേപിച്ച് കോൺ​ഗ്രസ് സ്ഥാനാർത്ഥി വെട്ടിലായി. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ ദേശീയ അധ്യക്ഷൻ രാഹുൽ ​ഗാന്ധി സ്ഥാനാർത്ഥിയോട് പ്രസ്ഥാവന പിൻവലിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. 

കോൺഗ്രസ് നേതാവും നാഥ്ദ്വാരാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ സിപി ജോഷിയുടെ പ്രസ്താവനയിലാണ് കോൺഗ്രസ് വെട്ടിലായത്. ബ്രാഹ്മണരല്ലാത്ത നരേന്ദ്ര മോദിയ്ക്കും ഉമാഭാരതിയ്ക്കും ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നായിരുന്നു ജോഷിയുടെ പ്രസ്താവന. ഇരുവരുടെയും ജാതി എടുത്തു പറഞ്ഞുള്ള  ജോഷിയുടെ പ്രസംഗം തെര‍ഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് തലവേദനയാകും എന്നുറപ്പാതോടെയാണ് ഉടൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ജോഷിയോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. 

രാമക്ഷേത്ര വിഷയം സംഘ പരിവാര്‍ ഉയര്‍ത്തുമ്പോൾ ബാബ്‍റി മസ്ജിദ് തുറന്നു കൊടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയാണ്. രാമക്ഷേത്രം അയോധ്യയിൽ നിർമിക്കണമെങ്കിൽ രാജ്യത്ത് ഒരു കോൺഗ്രസ് പ്രധാനമന്ത്രി വരണമെന്നും ജോഷി പറയുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെയും ഉമാഭാരതിയുടെയും ജാതി പറഞ്ഞ് ഇരുവർക്കും ഹിന്ദു മതത്തെക്കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളതെന്ന്  ജോഷി വോട്ടർമാരോട് ചോദിച്ചത്.

ജോഷിയുടെ പ്രസ്താവന പിന്നോക്ക വിഭാഗങ്ങളെയും ദളിതരെയും ഒപ്പം ചേര്‍ക്കാനുള്ള ശ്രമത്തിൽ തിരിച്ചടിയാകുമെന്ന് മനസിലാക്കിയതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷൻ ജോഷിയെ തള്ളിപ്പറഞ്ഞ് പ്രസ്താവനയിറക്കിയത്. ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ വികാരം മുറിപ്പെടുത്തുന്ന പ്രസ്താവന പാര്‍ട്ടി മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചു. തെറ്റു മനസിലാക്കി ജോഷി മാപ്പു പറയണമെന്നും രാഹുൽ നിര്‍ദേശിച്ചു. രാഹുലിന്‍റെ കടുത്ത നിർദേശത്തിന് പിന്നാലെ ജോഷി മാപ്പു പറഞ്ഞു. തന്‍റെ പ്രസ്താവനയെ ബി.ജെ.പി ദുര്‍വ്യാഖാനം ചെയ്തെന്ന വാദത്തോടെയാണ് ഖേദ പ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com