വിഘടനവാദി നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെട്ടു; കേന്ദ്രത്ത വെട്ടിലാക്കുന്ന  വെളിപ്പെടുത്തലുമായി കശ്മീര്‍ ഗവര്‍ണര്‍

കശ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതില്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്
വിഘടനവാദി നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെട്ടു; കേന്ദ്രത്ത വെട്ടിലാക്കുന്ന  വെളിപ്പെടുത്തലുമായി കശ്മീര്‍ ഗവര്‍ണര്‍

ശ്രീനഗര്‍: കശ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതില്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് നവംബര്‍ 24 ഗ്വാളിയാറില്‍ നടന്ന പരിപാടിയില്‍ സത്യപാല്‍ വെളിപ്പെടുത്തിയത്. സജാദിനെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കില്‍ എല്ലാക്കാലത്തും താന്‍ ഒരു ആത്മാര്‍ത്ഥയില്ലാത്ത ആളായി മാറിയേനെയെന്ന് അദ്ദേഹം പറഞ്ഞു. 

എന്നാല്‍ വാക്കുകള്‍ വിവാദമായതോടെ ഇന്ന് നിലപാട് മാറ്റിപറഞ്ഞ് ഗവര്‍ണര്‍ രംഗത്തെത്തി. കേന്ദ്രത്തില്‍ നിന്ന് ഒരുവിധത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല എന്നാണ് ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തല്‍. 

കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ സഖ്യം അവകാശമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്. 
 പിഡിപി-കോണ്‍ഗ്രസ്-നാഷ്ണല്‍ കോണ്‍ഫറന്‍സ് സഖ്യം ഗവര്‍ണറെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. കത്ത് ഫാക്‌സ് ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. തൊന്നുപിന്നാലെ നിസമഭ പിരിച്ചുവിട്ടുകൊണ്ടുള്ള സന്ദേശം ഗവര്‍ണര്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്ക് അയക്കുകയായിരുന്നു. 

ബിജെപിക്ക് അപ്രതീക്ഷിത അടി നല്‍കിക്കൊണ്ടായിരുന്നു പ്രതിപക്ഷം സഖ്യം രൂപീകരിച്ചത്. പിഡിപിയുടെ അല്‍ത്താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു നീക്കം. ഫാറൂഖ് അബ്ദുള്ളയുടെ നാഷ്ണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ്-പിഡിപി സഖ്യത്തെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നായിരുന്നു ധാരണ. പിഡിപിയുമായുള്ള സഖ്യം ബിജെപി പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മുതല്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമായിരുന്നു. 

വിഘടനവാദം ഉയര്‍ത്തുന്ന പീപ്പിള്‍സ് കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവായ സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കി ഭരണം പിടിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം പ്രതിപക്ഷ സഖ്യത്തിനായിരുന്നു. ബിജെപി 25 സീറ്റുകളും പീപ്പിള്‍സ് കോണ്‍ഫറന്‍സിന് രണ്ടു സീറ്റുകളുമാണ് ഉള്ളത്.ഇത് കൂടാതെ 18എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് ചൂണ്ടിക്കാട്ടി സജാദ് ലോണ്‍ സര്‍ക്കാര്‍ രൂപീകരണ അവകാശവാദവുമായി ഗവര്‍ണറെ സമീപിച്ചിരുന്നു. 

പിഡിപിക്ക് 28എംഎല്‍എമാരും നാഷ്ണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12 എംഎല്‍എമാരുമാണുള്ളത്. 44 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com