അലോക് വര്‍മ്മയെ മാറ്റിയതിന് പിന്നില്‍ റഫാല്‍?; അഴിമതി അന്വേഷിക്കാന്‍ വര്‍മ്മ ആഗ്രഹിച്ചിരുന്നതായി പ്രശാന്ത് ഭൂഷണ്‍ 

തലപ്പത്തെ തമ്മിലടിയെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍
അലോക് വര്‍മ്മയെ മാറ്റിയതിന് പിന്നില്‍ റഫാല്‍?; അഴിമതി അന്വേഷിക്കാന്‍ വര്‍മ്മ ആഗ്രഹിച്ചിരുന്നതായി പ്രശാന്ത് ഭൂഷണ്‍ 

ന്യൂഡല്‍ഹി: തലപ്പത്തെ തമ്മിലടിയെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ റഫാല്‍ ഇടപാടിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തലപ്പത്തെ തമ്മിലടിക്ക് പിന്നില്‍. റഫാല്‍ അഴിമതി അന്വേഷിക്കാന്‍ അലോക് വര്‍മ്മ ആഗ്രഹിച്ചിരുന്നതായും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. 

സിബിഐ തലപ്പത്തെ ഉള്‍പ്പോര് ശക്തമായതിനെ തുടര്‍ന്ന് അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരുന്നു. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ജോയിന്റ് ഡയറക്ടര്‍ എന്‍ നാഗേശ്വരറാവുവിനാണ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയത്. കൈക്കൂലി കേസില്‍ പ്രതിയായ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് അവധിയില്‍ പോകാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണവുമായി പ്രശാന്ത് ഭൂഷണ്‍ രംഗത്ത് വന്നത്. 

അസ്താനക്കെതിരെ കൈക്കൂലി കേസില്‍ സിബിഐ കേസെടുത്തതോടെയാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയിലെ തമ്മിലടി രൂക്ഷമായത്. പ്രതിചേര്‍ത്തുകൊണ്ടുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസ്താന ഹൈക്കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി അസ്താനയുടെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞു. കേസില്‍ അറസ്റ്റിലായ സിബിഐ ഡിഎസ്പി ദേവേന്ദര്‍കുമാറിന്റെ ഹര്‍ജിയില്‍ സിബിഐയ്ക്കും സിബിഐ ഡയറക്ടര്‍ക്കും കോടതി നോട്ടിസ് അയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com