ഡയറക്ടറായി അലോക് വര്‍മ തുടരും; നാഗേശ്വര റാവുവിന് താത്കാലിക ചുമതല: വിശദീകരണവുമായി സിബിഐ

സിബിഐ ഡയറക്ടറായി അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടറുമായി രാകേഷ് അസ്താനയുംതന്നെ തുടരുമെന്ന് അന്വേഷണ ഏജന്‍സിയുടെ വക്താവ്.
ഡയറക്ടറായി അലോക് വര്‍മ തുടരും; നാഗേശ്വര റാവുവിന് താത്കാലിക ചുമതല: വിശദീകരണവുമായി സിബിഐ

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറായി അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടറുമായി രാകേഷ് അസ്താനയുംതന്നെ തുടരുമെന്ന് അന്വേഷണ ഏജന്‍സിയുടെ വക്താവ്. വിഷയം സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സിബിഐ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. എം നാഗേശ്വര്‍ റാവുവിന്റെ ഡയറക്ടറുടെ ചുമതല താത്കാലികമാണെന്നും സിബിഐ വക്താവ് അഭിഷേക് ദയാല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കഴിഞ്ഞ 23 ന് രാത്രി സിബിഐ ഡയറക്ടറുടെ ചുമതലകളില്‍നിന്ന് തന്നെ നീക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലോക് വര്‍മയാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. വര്‍മയ്ക്ക് അനിഷ്ടമുള്ള സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും ചുമതലകളില്‍നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും അവധിയില്‍ പ്രവേശിച്ചിരുന്നു.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നാണ് അലോക് വര്‍മ ആരോപിക്കുന്നത്. സിബിഐ സ്വതന്ത്രമായും സ്വയംഭരണ അധികാരത്തോടെയുമാണ് പ്രവര്‍ത്തിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെയും നീക്കങ്ങള്‍ നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിബിഐ തലപ്പത്തെ പൊട്ടിത്തെറിയും അഴിച്ചുപണിയും നരേന്ദ്ര മോദി സര്‍ക്കാരിനെ അഴിമതിക്കേസുകളില്‍ നിന്ന് രക്ഷിക്കാനാണ് എന്നാരോപിച്ച് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു. റഫാല്‍ അഴിമതിയെക്കുറിച്ച് അലോക് വര്‍മ അന്വേഷിച്ച് തുടങ്ങിയിരുന്നുവെന്നും ഇതിനെക്കുറിച്ചുള്ള മോദിയുടെ പേടിയാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com