

തിരുവനന്തപുരം: ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസിന്റയും കപൂര്‍ത്തല പ്ലോട്ടിന്റെയും ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം കേന്ദ്രസര്‍ക്കാറിന് മുന്നിൽ. ലഭ്യമായ രേഖകൾ അനുസരിച്ച് സംസ്ഥാന സര്‍ക്കാറിന് കെട്ടിടത്തിന്റെയും ഭൂമിയുടെയും കൈവശാവകാശം മാത്രമാണുള്ളതെന്നും പട്ടയരേഖകള്‍ ലഭിക്കാന്‍ നടപടിയുണ്ടാകണമെന്നും ഭവന, നഗരകാര്യ മന്ത്രാലയത്തിന് നല്കിയ നിവേദനത്തില്‍ രാജകുടുംബം ആവശ്യപ്പെട്ടു. തുടര്‍ന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി.
നിയമോപദേശം തേടിയശേഷം സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കും. ഡല്‍ഹി നഗരമധ്യത്തിലെ കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലുള്ള ട്രാവന്‍കൂര്‍ ഹൗസ് 8.195 ഏക്കറും കോപര്‍നിക്കസ് മാര്‍ഗിലുള്ള കപൂര്‍ത്തല പ്ലോട്ട് 6.104 ഏക്കറുമാണ്. കേരള സര്‍ക്കാറിനാണ് രണ്ടിന്റെയും നിയന്ത്രണം.
ഡല്‍ഹിയില്‍ തിരുവിതാംകൂര്‍ രാജാവിന്റെ വസതിയായിരുന്ന ട്രാവന്‍കൂര്‍ ഹൗസും അതിനോടുചേര്‍ന്ന കപൂര്‍ത്തല പ്ലോട്ടും പല കൈകള്‍ മറിഞ്ഞാണ് കേരള സര്‍ക്കാറിലെത്തുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലായിരുന്നു കെട്ടിടവും ഭൂമിയും. 1948 മുതല്‍ ’65 വരെ സോവിയറ്റ് എംബസി പ്രവര്‍ത്തിച്ചിരുന്നത് ട്രാവന്‍കൂര്‍ ഹൗസിലായിരുന്നു. കപൂര്‍ത്തല പ്ലോട്ടില്‍നിന്ന് രണ്ടര ഏക്കർ ന്യൂഡല്‍ഹി കേരള എജുക്കേഷന്‍ സൊസൈറ്റിക്ക് കൈമാറിയതോടെ ട്രാവന്‍കൂര്‍ ഹൗസും കപൂര്‍ത്തല പ്ലോട്ടും രണ്ടായി വിഭജിക്കപ്പെട്ടു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 1973ല്‍ കേന്ദ്രസര്‍ക്കാര്‍ ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാറിന് കൈമാറുകയായിരുന്നു.
രാജകുടുംബത്തിനുവേണ്ടി ആദിത്യവര്‍മയാണ് കേന്ദ്രസര്‍ക്കാറിന് കത്തെഴുതിയത്. രണ്ടു സ്ഥലങ്ങളുടെയും രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടായിരുന്നു ആദ്യ കത്ത്. രേഖകളുടെ പകര്‍പ്പ് കേന്ദ്രം കൈമാറിയിരുന്നു. ഈ രേഖകള്‍ പരിശോധിച്ചശേഷമാണ് പട്ടയം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 65 വര്ഷത്തിനുമുകളില് പഴക്കമുള്ള രേഖകള്‍ കണ്ടെത്തേണ്ടതിനാല്‍ നീണ്ട കാലത്തെ നിയമപോരാട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates