കശ്മീര്‍ പ്രശ്‌നം യുദ്ധംകൊണ്ട് മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ; യുദ്ധത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍

കശ്മീര്‍ പ്രശ്‌നം യുദ്ധംകൊണ്ടോ നിഴല്‍ യുദ്ധംകൊണ്ടോ മാത്രമേ പരിഹരിക്കാന്‍ സാധിക്കുള്ളുവെന്ന് പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍
ലഡാക്കിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ സൈനിക വാഹനവ്യൂഹം/പിടിഐ
ലഡാക്കിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ സൈനിക വാഹനവ്യൂഹം/പിടിഐ

ഇസ്‌ലാമാബാദ്: കശ്മീര്‍ പ്രശ്‌നം യുദ്ധംകൊണ്ടോ നിഴല്‍ യുദ്ധംകൊണ്ടോ മാത്രമേ പരിഹരിക്കാന്‍ സാധിക്കുള്ളുവെന്ന് പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍. നൈജീരിയ, യെമന്‍, ഇറ്റലി എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച സഫര്‍ ഹിലാലിയാണ് ഇത് പറഞ്ഞിരിക്കുന്നത്.  പ്രശ്‌നം നയതന്ത്രംകൊണ്ട് പരിഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം പുനഃപരിശോധിക്കാന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതാത്പര്യം കണക്കിലെടുത്ത് നീക്കത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സഫര്‍ കൂട്ടിച്ചേര്‍ത്തു. 

'എങ്ങനയാണ് ഈ വിഷയം പരിഹരിക്കുക എന്നതാണ് ചോദ്യം. രാജ്യതാത്പര്യത്തില്‍ നിന്ന് മോദി പിന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. നയതന്ത്രംകൊണ്ട് ഈ വിഷയം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് നമ്മള്‍ മനസ്സിലാക്കണം. എന്റെ അഭിപ്രായത്തില്‍ രണ്ടുവഴികളാണുള്ളത്, ഒന്നുങ്കില്‍ നിഴല്‍യുദ്ധം, അല്ലെങ്കില്‍ യുദ്ധം.'-സഫര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. യോഗത്തില്‍ പാകിസ്ഥാന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. ചൈന ഒഴികെ മറ്റു സ്ഥിരാംഗങ്ങള്‍ ഇന്ത്യയെ പിന്തുണച്ചാണ് നിലപാട് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് യുദ്ധത്തിന് ആഹ്വാനം ചെയ്ത് സഫറിന്റെ പ്രസ്താവന വന്നിരിക്കുന്നത്. 

കശ്മീര്‍ പ്രശ്‌നം ആഭ്യന്തര വിഷയമാണ് എന്നാണ് യോഗത്തിന്റെ പൊതു വിലയിരുത്തല്‍.  വിഷയത്തില്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പോ നിലപാട് വ്യക്തമാക്കലോ രക്ഷാസമിതിയുടേതായി ഉണ്ടായില്ല. പ്രശ്‌നം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അമേരിക്ക,ബ്രിട്ടണ്‍,ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com