റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍ ; പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തി ; പ്രതിരോധമന്ത്രാലയം എതിര്‍ത്തതായി രേഖകള്‍

റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 
റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍ ; പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തി ; പ്രതിരോധമന്ത്രാലയം എതിര്‍ത്തതായി രേഖകള്‍

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ നടത്തിയെന്ന് വെളിപ്പെടുത്തല്‍. ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്നതിന്റെ രേഖകളാണ് പുറത്തുവന്നത്. പ്രതിരോധ സെക്രട്ടറി ജി. മോഹന്‍കുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് ദ ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടത്. 

റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഉറപ്പിക്കാന്‍ ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. സാധാരണ ഇത് പ്രതിരോധ മന്ത്രാലയമാണ് ചെയ്യേണ്ടത്. ഇതിന് മുകളിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതില്‍ എതിര്‍പ്പ് അറിയിച്ച മോഹന്‍കുമാര്‍ സമാന്തരചര്‍ച്ച ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. 2015 നവംബറില്‍ പ്രതിരോധ സെക്രട്ടറി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്കാണ് കത്ത് നല്‍കിയത്. 

മുപ്പത്തിയാറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.
ചര്‍ച്ചകല്‍ക്കായി ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍സ്റ്റാഫിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തെ പ്രതിരോധമന്ത്രാലയം നിയോഗിച്ചിരുന്നു. ഇവരുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത്. 

2015 ഒക്ടോബര്‍ 23 ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ്  സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വസര്‍ ലൂയിസ് വാസിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമര്‍ശമാണ് സമാന്തര ചര്‍ച്ചകളിലേക്ക് വിരല്‍ ചൂണ്ടിയത്. 

ജനറല്‍ റബ്ബിന്റെ കത്ത് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം ചര്‍ച്ചകള്‍ റഫാല്‍ കരാര്‍ സംബന്ധിച്ച് ഇന്ത്യന്‍ സംഘത്തിന്റെ വിലപേശല്‍ ശേഷിയെയും ചര്‍ച്ചകളെയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും, ഇത് ഒഴിവാക്കണമെന്നും പ്രതിരോധമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടു.

എന്നാല്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ കുറിപ്പ് ഏത് സാഹചര്യത്തിലാണ് എഴുതിയതെന്ന് ഓര്‍മ്മയില്ലെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല. 

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, കരാര്‍ ഒപ്പുവെച്ചത് പ്രതിരോധ മന്ത്രാലയ സംഘത്തിന്റെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണെന്നാണ് അറിയിച്ചിട്ടുള്ളത്. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ വസ്തുതകള്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com