പുല്‍വാമ ഭീകരാക്രമണം : ഏഴുപേര്‍ കസ്റ്റഡിയില്‍ ; റെയ്ഡ് തുടരുന്നു ; ആക്രമണത്തിന് ഉപയോഗിച്ചത് 60 കിലോ ആര്‍ഡിഎക്‌സ്

ഇനി സിആർപിഎഫിന്‍റേതുൾപ്പടെ വലിയ സൈനിക വാഹനവ്യൂഹങ്ങൾ കടന്ന് പോകുമ്പോൾ സിവിലിയൻ വാഹനങ്ങൾ നിയന്ത്രിക്കും
പുല്‍വാമ ഭീകരാക്രമണം : ഏഴുപേര്‍ കസ്റ്റഡിയില്‍ ; റെയ്ഡ് തുടരുന്നു ; ആക്രമണത്തിന് ഉപയോഗിച്ചത് 60 കിലോ ആര്‍ഡിഎക്‌സ്

കശ്മീര്‍ : പുല്‍വാമയിലെ ഭീകരാക്രമണത്തിന് സഹായം നല്‍കിയവരെന്ന് സംശയിക്കുന്ന ഏഴ് പേരെ ദേശീയ അന്വേഷണ ഏജന്‍സിയും പൊലീസു കസ്റ്റഡിയിലെടുത്തു. പുല്‍വാമ, അവന്തിപോര മേഖലകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ദേശീയ അന്വേഷണ ഏജന്‍സി ഇവരെ ചോദ്യം ചെയ്യുകയാണ്. തെക്കന്‍ കശ്മീരില്‍ രാത്രി വൈകിയും പൊലീസും എന്‍ഐഎയും റെയ്ഡുകള്‍ തുടരുകയാണ്. 

ഭീകരാക്രമണത്തിന്റെ ആസൂത്രണവും ഗൂഢാലോചനയെയും പറ്റിയെല്ലാം ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഇതിനായി രഹസ്യാന്വേഷണ ഏജന്‍സിയായ റോയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ വിദഗ്ധ സംഘം സംഭവസ്ഥലത്തെത്തി സ്‌ഫോടക വസ്തുക്കളുടെ സാംപിളുകള്‍ ശേഖരിച്ച് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 

അതിനിടെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് ഉപയോഗിച്ചത് അത്യുഗ്ര സ്ഫോടനശേഷിയുളള അറുപത് കിലോ ആര്‍ഡിഎക്സെന്ന് സി ആര്‍ പി എഫ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചാവേർ സഞ്ചരിച്ച വാഹനം സൈന്യത്തിന്റെ കോണ്‍വോയ് വാഹനങ്ങളില്‍  ഇടിച്ച്  കയറ്റുകയായിരുന്നില്ല. സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിന് മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരന് വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴി‍ഞ്ഞുവെന്നതും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്.

സി.ആര്‍.പി.എഫ് വാഹനങ്ങള്‍ കടന്നുപോകുന്നതിന്‍റെ ഇടതുവശത്തു കൂടി കയറിവന്ന് പൊട്ടിച്ചിതറുകയായിരുന്നു. പുല്‍വാമയില്‍ സ്ഫോടനം നടന്നതിന്‍റെ പത്ത് കിലോമീറ്റര്‍ അകലെ താമസിച്ചിരുന്ന ചാവേർ ആദിലിന്‍റെ പക്കല്‍ ആര്‍.ഡി.എക്സ് എങ്ങനെയെത്തിയെന്നും ആരാണ് സഹായിച്ചതെന്നും സി.ആര്‍.പി.എഫ് അന്വേഷണം തുടങ്ങി. കോണ്‍വോയ് വാഹനം കടന്നുപോകുന്നതിന് മണിക്കൂറുകള്‍ മുന്‍പുതന്നെ ജമ്മു-ശ്രീനഗര്‍ ദേശീയപാത പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇതിനിടെ ഭീകരന്‍ എങ്ങനെ ദേശീയപാതയില്‍ കടന്നു കയറി എന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നു. ഇതിന് മറ്റേതെങ്കിലും തരത്തിൽ സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം വിശദമായി അന്വേഷിക്കുന്നുണ്ട്. 

ഇനി സിആർപിഎഫിന്‍റേതുൾപ്പടെ വലിയ സൈനിക വാഹനവ്യൂഹങ്ങൾ കടന്ന് പോകുമ്പോൾ സിവിലിയൻ വാഹനങ്ങൾ നിയന്ത്രിക്കും. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ശ്രീനഗറിൽ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ആർമി കമാൻഡർ, സിആർപിഎഫ് ഡയറക്ടർ ജനറൽ ഉൾപ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. സൈനികവിഭാഗങ്ങളുടെ വൻ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഇനി പ്രധാന റോഡുകളിലൊന്നിലും സിവിലിയൻ വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com