2014ല്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നു?: വിവരങ്ങള്‍ അറിയാവുന്ന ബിജെപി നേതാവിന്റെ മരണം കൊലപാതകം; ഗുരുതര വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഹാക്കര്‍

ഇന്ത്യയിലെ പലതെരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന ഗുരുതര അവകാശവാദവുമായി അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍ രംഗത്ത്.
2014ല്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നു?: വിവരങ്ങള്‍ അറിയാവുന്ന ബിജെപി നേതാവിന്റെ മരണം കൊലപാതകം; ഗുരുതര വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഹാക്കര്‍

ലണ്ടന്‍: ഇന്ത്യയിലെ പലതെരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന ഗുരുതര അവകാശവാദവുമായി അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍ രംഗത്ത്. പല രാഷ്ട്രീയ പാര്‍ട്ടികളും തന്നെ ഇതിനായി സമീപിച്ചിട്ടുണ്ടെന്നുമാണ് സയിദ് ഷുജ എന്ന അമേരിക്കന്‍ സാങ്കേതിക വിദഗ്ധന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യുന്നതിന്റെ തത്സമയ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. 

എസ്പി-ബിഎസ്പി സംഘടനകളാണ് തന്നെ വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സമീപിച്ചതെന്ന് അദ്ദേഹം പറയുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിര്‍ണായകമായ പല തെരഞ്ഞെടുപ്പുകളിലും താന്‍ തിരിമറി നടനത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 2014ല്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന വിഎസ് സമ്പത്തിനും അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്കും ഇക്കാര്യം അറിയാം. അദ്ദേഹത്തിന്റെ മരണം കൊലപാതകമാണ്. ഇക്കാര്യം വെളിപ്പെടുത്താന്‍ ഇരിക്കെയാണ് റോഡപകടത്തില്‍ മുണ്ടെ മരിച്ചത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ തിരിമറി നടത്തി. 

വോട്ടിങ് മെഷീനുകള്‍ നിര്‍മ്മിക്കുന്ന ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട് എന്നതും വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.സ്‌കൈപ് വഴിയാണ് ഇദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

തെരഞ്ഞെടുപ്പ് തിരിമറി നടത്തിയതിന് ശേഷം നിരവധി ഭീഷണികളുണ്ടായതിനെ തുടര്‍ന്നാണ് താന്‍ ഇന്ത്യ വിട്ടതും അമേരിക്കയില്‍ അഭയം തേടിയതെന്നും അദ്ദേഹം പറയുന്നു. പല സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തിയത് വോട്ടിങ് മെഷീനില്‍ തിരിമറി നടത്തിയാണെന്നുള്ള കോണ്‍ഗ്രസ് ആരോപണം ശക്തമായി നിലനില്‍ക്കെയാണ് സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com