മുണ്ടെയ്ക്ക് എല്ലാം അറിയാമായിരുന്നു?; വോട്ടിങ് മെഷീന്‍ തിരിമറി വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി നേതാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം

വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചെന്ന അവകാശവാദവുമായി അമേരിക്കന്‍ സാങ്കേതിക വിദഗ്ധന്‍ രംഗത്ത് വന്നതിന് പിന്നാലെ ബിജെപി നോതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണം എന്ന ആവശ്യം ഉയരുന്നു
മുണ്ടെയ്ക്ക് എല്ലാം അറിയാമായിരുന്നു?; വോട്ടിങ് മെഷീന്‍ തിരിമറി വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി നേതാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചെന്ന അവകാശവാദവുമായി അമേരിക്കന്‍ സാങ്കേതിക വിദഗ്ധന്‍ രംഗത്ത് വന്നതിന് പിന്നാലെ ബിജെപി നോതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണം എന്ന ആവശ്യം ഉയരുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നുവെന്നും ഇത് ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് അറിയാമായിരുന്നു, വെളിപ്പെടുത്താന്‍ ഇരിക്കുമ്പോഴാണ് അദ്ദേഹം അപകടത്തില്‍ കൊല്ലപ്പെട്ടതെന്നും അമേരക്കന്‍ ഹാക്കര്‍ സയ്യിദ് ഷൂജെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുണ്ടെയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി നേതാവും മുണ്ടെയുടെ അനന്തരവനുമായ ധനഞ്ജയ് മുണ്ടെ രംഗത്തെത്തി. വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുണ്ടെയെ സ്‌നേഹിക്കുന്ന എല്ലാവരും അത് അട്ടിമറിയാണെന്ന് സംശയിച്ചിരുന്നു. ഈ വെളിപ്പെടുത്തലോടെ അത് ശരിയായി-അദ്ദേഹം പറഞ്ഞു. 

2014 ല്‍ നരേന്ദ്രമോദി മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് മുണ്ടെ വാഹനാപകടത്തില്‍ മരിക്കുന്നത്. മുണ്ടെയുടെ മരണം കൊലപാതകമാണെന്ന് അന്നുതന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അദ്ദേഹം മരിച്ചത് തലയിലേറ്റ മുറിവും ആന്തരിക രക്തസമ്മര്‍ദവും മൂലമാണെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

മുണ്ടെയുടെ മരണം അന്വേഷിച്ച എന്‍ഐഎ ഓഫീസര്‍ തന്‍സീല്‍ അഹമ്മദും കൊല്ലപ്പെടുകയായിരുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ അദ്ദേഹവും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തന്‍സീലിന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മുണ്ടെയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി എഫ്‌ഐആര്‍ സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതെന്നും, അതിന് മുണ്ടെയുടെ മരണവുമായി ബന്ധമുണ്ടെന്നും സയ്യിദ് ഷുജെ ആരോപിച്ചു.

ലണ്ടനില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക്ക് മുന്നില്‍ സ്‌കൈപ്പിലൂടെയാണ് ഷൂജെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇന്ത്യന്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നും അദ്ദേഹം പറയുന്നു. ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനുകളില്‍ തിരിമറി നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് അമേരിക്കയിലേക്ക് കടന്നതെന്നും വോട്ടിങ് മെഷീനുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ മുന്‍ ജീവനക്കാരനായ ഷൂജെ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com