ന്യൂഡൽഹി: രാഹുൽഗാന്ധി പരാജയമാണെന്ന് കോൺഗ്രസ് സമ്മതിച്ചെന്ന് ബിജെപി. പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക് ഉയർത്തുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ് സാംബിത് പത്ര. ഒരു പാർട്ടിയാകെ ഒരു കുടുംബത്തിന് പിന്നാലെ പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസ് കുടുംബത്തെയാണ് പാർട്ടിയായി കാണുന്നത്. എന്നാൽ ബിജെപിയാകട്ടെ പാർട്ടിയെയാണ് കുടുംബമായി കാണുന്നത്. എല്ലാ തീരുമാനവും ഒരു കുടുംബത്തിൽ നിന്നാണ്. നെഹ്റുവിന് ശേഷം, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാഗാന്ധി, പിന്നെ രാഹുൽ ഗാന്ധി. പാർട്ടിയുടെ നേതൃത്വത്തിലേക്ക് കടന്നുവന്ന ഇവരെല്ലാം ഒരു കുടുംബത്തിൽ നിന്നാണ്. ഇതാണ് പുതിയ ഇന്ത്യ ചോദിക്കുന്നതെന്നും സാംബിത് പത്ര പറഞ്ഞു.
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നിയമിച്ചത്. ഇതോടെ സോണിയ മൽസരിച്ച സീറ്റിൽ ഇത്തവണ പ്രിയങ്ക മൽസരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കും ശക്തിയേറി.
അതേസമയം പ്രിയങ്കഗാന്ധിയുടെ വരവ് യുപിയിലെ പാർട്ടിക്ക് കൂടുതൽ ഉണർവേകുമെന്ന് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. യുപിയിൽ മാത്രമല്ല രാജ്യത്തെ കോൺഗ്രസിന് തന്നെ പ്രിയങ്കയുടെ നേതൃത്വത്തിലേക്കുള്ള വരവ് ഗുണകരമാകും. ഫെബ്രുവരി ഒന്നിന് അവർ ചുമതലയേറ്റെടുക്കുമെന്നും രാജീവ് ശുക്ല വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates