കുമാരസ്വാമിക്ക് ആശ്വാസം; കര്‍ണാടകയില്‍ നിലവിലെ സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്, ചൊവ്വാഴ്ച വീണ്ടും വാദം

സ്പീക്കറുടെ നടപടിയില്‍ കോടതിക്ക് ഇടപെടാമോയെന്ന ഭരണഘടനാ പ്രശ്‌നത്തില്‍ തീരുമാനമാവുന്നതുവരെ നിലവിലെ സ്ഥിതി തുടരാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം
കുമാരസ്വാമിക്ക് ആശ്വാസം; കര്‍ണാടകയില്‍ നിലവിലെ സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്, ചൊവ്വാഴ്ച വീണ്ടും വാദം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വിമത എംഎല്‍എമാരുടെ രാജിയിലും അവര്‍ക്കെതിരായ അയോഗ്യതാ നടപടിയിലും തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്. സ്പീക്കറുടെ നടപടിയില്‍ കോടതിക്ക് ഇടപെടാമോയെന്ന ഭരണഘടനാ പ്രശ്‌നത്തില്‍ തീരുമാനമാവുന്നതുവരെ നിലവിലെ സ്ഥിതി തുടരാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം. ചൊവ്വാഴ്ച കേസില്‍ വാദം തുടരും.

സുപ്രിം കോടതിയെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്പീക്കറുടേതെന്ന് എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. സുപ്രിം കോടതിക്ക് തന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന നിലപാടാണ്, എംഎല്‍എമാരെ കണ്ട ശേഷം സ്പീക്കര്‍ സ്വീകരിച്ചതന്ന് റോത്തഗി ആരോപിച്ചു. 

രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്കു വേണമെങ്കില്‍ രണ്ടു ദിവസം എടുക്കാമെന്നും എന്നാല്‍ ഈ കാലയളവില്‍ എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ പാടില്ലെന്നും റോത്തഗി പറഞ്ഞു. സ്പീക്കര്‍ രാജിയില്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ അതിനെ കോടതിയലക്ഷ്യമായി കാണണമെന്ന് റോത്തഗി ആവശ്യപ്പെട്ടു.

അയോഗ്യത ഒഴിവാക്കാനുള്ള തന്ത്രമാണ് രാജിയെന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വി പറഞ്ഞു. രാജി സ്വേഛയാ ഉള്ളതാണെന്ന് ഉറപ്പു വരുത്താനുള്ള ഭരണഘടനാപരമായ ബാധ്യത സ്പീക്കര്‍ക്കുണ്ട്. നിയമസഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സുപ്രിം കോടതിക്ക് വിധി പുറപ്പെടുവിക്കാനാവില്ല. അയോഗ്യതയുടെ കാര്യത്തില്‍ ഇത്ര സമയത്തിനുള്ളില്‍ ഇന്ന രീതിയില്‍ തീരുമാനമെടുക്കണമെന്ന് സ്പീക്കറോടു നിര്‍ദേശിക്കാന്‍ കോടതിക്കാവില്ലെന്നു സുപ്രിം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിങ്വി പറഞ്ഞു.

ഇക്കാര്യത്തില്‍ ഇടപെടാനുള്ള കോടതിയുടെ അധികാരത്തെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ധവാന്‍ സിങ്വിയോടു ചോദിച്ചു. കോടതി കയ്യും കെട്ടി നോക്കി നില്‍ക്കണമെന്നാണ് നിങ്ങളുടെ നിലപാട് കോടതിയെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് സിങ്വി മറുപടി നല്‍കി.

രാഷ്ട്രീയക്കളിയിലേക്കു സുപ്രിം കോടതിയെ വലിച്ചിഴയ്ക്കുകയാണ് എംഎല്‍എമാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി കുമാരസ്വാമിക്കു വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. ആ പരാജയം പൂര്‍ണമാക്കാന്‍ സുപ്രിം കോടതിയുടെ സഹായം വേണമെന്നാണ് അവരുടെ ആവശ്യം. സര്‍ക്കാര്‍ പരാജയമാണെന്ന എംഎല്‍എയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ഇത്തരത്തില്‍ എങ്ങനെയാണ് കോടതിക്ക് ഇടപെടാനാവുകയെന്ന് ധവാന്‍ ചോദിച്ചു.

എംഎല്‍എമാരുടെ രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹരിയാനയിലെ രാജിയില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സ്പീക്കര്‍ക്കു നാലുമാസം സമയം നല്‍കിയിരുന്നെന്ന് രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ ഭരണഘടനാപരമായ ചുമതലയ്ക്കു സമയപരിധി നിശ്ചയിക്കാന്‍ കോടതിക്കാവില്ലെന്ന് രാജീവ് ധവാന്‍ വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com