കൊന്ന കൊതുകുകളെ എണ്ണിനോക്കണോ, അതോ പോയി കിടന്ന് ഉറങ്ങണമോ?; ബാലാക്കോട്ട് വിവാദത്തില്‍ വി കെ സിങ് 

ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ മരിച്ച ഭീകരരുടെ എണ്ണത്തെ ചൊല്ലിയുളള രാഷ്ട്രീയ തര്‍ക്കത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി കെ സിങ്
കൊന്ന കൊതുകുകളെ എണ്ണിനോക്കണോ, അതോ പോയി കിടന്ന് ഉറങ്ങണമോ?; ബാലാക്കോട്ട് വിവാദത്തില്‍ വി കെ സിങ് 

ന്യൂഡല്‍ഹി: ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ മരിച്ച ഭീകരരുടെ എണ്ണത്തെ ചൊല്ലിയുളള രാഷ്ട്രീയ തര്‍ക്കത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി കെ സിങ്. കൊതുകുകളെ കൊല്ലുന്നതിനോട് ഉപമിച്ചായിരുന്നു വി കെ സിങിന്റെ പരാമര്‍ശം. 

'കഴിഞ്ഞ രാത്രി 3.30ന് ഭയങ്കര കൊതുകുശല്യം, ഞാന്‍ ഹിറ്റ് ഉപയോഗിച്ചു, ഇനി എത്ര കൊതുകുകള്‍ കൊല്ലപ്പെട്ടു എന്ന് ഞാന്‍ എണ്ണിനോക്കണമോ അതോ തിരിച്ച് പോയി ഉറങ്ങണമോ' എന്നതായിരുന്നു ബാലാക്കോട്ട് വിവാദത്തില്‍
പ്രതിപക്ഷത്തിനുളള വി കെ സിങിന്റെ മറുപടി. 

കഴിഞ്ഞദിവസം പുല്‍വാമ ഭീകരാക്രമണം ഒരു അപകടമാണ് എന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ സിങിന് അതേനാണയത്തില്‍ വി കെ സിങ് മറുപടി നല്‍കിയിരുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകവും ഒരു അപകടമായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചാണ് ദിഗ്‌വിജയ സിങിന് വി കെ സിംഗ് മറുപടി നല്‍കിയത്.

ബാലാക്കോട്ട് വ്യോമാക്രമണത്തില്‍  കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം കൃത്യമായി അറിയണമെങ്കില്‍ അയല്‍രാജ്യത്തിലേക്കു പോയി അവര്‍ക്ക് എണ്ണിനോക്കാമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. 'കൊല്ലപ്പെട്ട ഭീകരരുടെ കൃത്യമായ സംഖ്യ അറിയിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍ അവരോടു പറയാനുള്ളത് ഇതാണ്. നിങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോകുക, അവിടെ ചെന്ന് എണ്ണുക, ഞങ്ങളുടെ വ്യോമസേന എത്രപേരെ കൊന്നിട്ടുണ്ടെന്ന് ജനങ്ങളോടു ചോദിക്കുക,'രാജ്‌നാഥ് സിങ് പറഞ്ഞു.

ബാലാക്കോട്ട് വ്യോമാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് റാലികളില്‍ അമിത പ്രാധാന്യം നല്‍കുന്നെന്നും ബിജെപി വ്യോമാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ ആരോപണം ശക്തമാണ്. ബാലാക്കോട്ടില്‍ എത്രപേര്‍ മരിച്ചുവെന്ന വിവരം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചതാണ് ബാലാക്കോട്ടിലെ കൃത്യമായ വിവരമെന്നായിരുന്നു പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രതികരണം. തെരഞ്ഞെടുപ്പും വ്യോമാക്രമണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി ചെന്നൈയില്‍ വ്യക്തമാക്കി.

ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ 250ല്‍ അധികം ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരുന്നു.
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com