'ആള്‍ക്കൂട്ട കൊലപാതകം' എന്ന വാക്ക് പാശ്ചാത്യ സൃഷ്ടി; രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കരുത്: മോഹന്‍ ഭഗവത്

ആള്‍ക്കൂട്ട കൊലപാതകം (lynching) എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ആ വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്
'ആള്‍ക്കൂട്ട കൊലപാതകം' എന്ന വാക്ക് പാശ്ചാത്യ സൃഷ്ടി; രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കരുത്: മോഹന്‍ ഭഗവത്

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകം (lynching) എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ആ വാക്ക് ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ഇന്ത്യയെ സംബന്ധിച്ച് ഇത് അന്യമാണ്. ഒരു പ്രത്യേക മതത്തില്‍നിന്നാണ് ആ വാക്ക് ഉരുത്തിരിഞ്ഞത്. അത് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും മോഹന്‍ ഭഗവത് പറഞ്ഞു.നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.

സമൂഹത്തില്‍ നടന്ന ചില ആക്രമണങ്ങളെ ആള്‍ക്കൂട്ട ആക്രമണമായി ചിത്രീകരിക്കുകയാണ്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മോഹന്‍ ഭഗവത് പറഞ്ഞു.  ഒരു സമുദായത്തില്‍പ്പെട്ടവര്‍ മറ്റൊരു സമുദായത്തില്‍പ്പെട്ടവരെ ആക്രമിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. അത് ശരിയല്ല. ഒരു പ്രത്യേക സമുദായം ജനങ്ങളെ ലക്ഷ്യമിടുന്നു എന്നത് മാത്രമല്ലെന്നും തിരിച്ചും സംഭവിക്കുന്നുണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകം ഇന്ത്യയില്‍ ഉത്ഭവിച്ച വാക്കല്ല. ഇതൊരു പാശ്ചാത്യ സൃഷ്ടിയാണ്. ഒരു പ്രത്യേക മതത്തില്‍നിന്നാണ് ആ വാക്ക് ഉരുത്തിരിഞ്ഞത്. അത് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. രാജ്യത്തെ അപമാനിക്കാന്‍ ആള്‍ക്കൂട്ട കൊലപാതകം എന്ന പദം ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനം സൗഹാര്‍ദ്ദപരമായും നിയമത്തിനനുസൃതമായും ജീവിക്കണം. ഭരണഘടനയുടെ പരിധിക്കുളളില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ സമൂഹം തയ്യാറാകണം.അത്തരം സംസ്‌കാരമാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ള ചിന്താഗതി കഴിഞ്ഞ കുറച്ച് വര്‍ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. വികസിത ഭാരതത്തെക്കുറിച്ച് ഭയക്കുന്നവരാണ് രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നത്. ഇത്തരക്കാര്‍ ഭാരതം ഒരു ശക്തവും ഊര്‍ജ്വസ്വലവുമായ രാജ്യമാകുന്നതിനെ ഭയക്കുന്നവരാണ്. ഇവരെ ബൗദ്ധിക തലത്തിലും സാമൂഹിക തലത്തിലും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com