ശുഭശ്രീയുടെ മരണം പാഠമായി: ചെന്നൈയില്‍ 3400 അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു

നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മൂവായിരത്തോളം ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ അധികൃതരും സിറ്റി പൊലീസും ചേര്‍ന്ന് ഇതുവരെ നീക്കം ചെയ്തത്.
ശുഭശ്രീയുടെ മരണം പാഠമായി: ചെന്നൈയില്‍ 3400 അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു

ചെന്നൈ: റോഡിലേക്ക് ഫ്‌ലക്‌സ് ബോര്‍ഡ് വീണ് ശുഭശ്രീ എന്ന സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ മരിച്ചത് ചെന്നൈയില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. നഗരത്തില്‍ അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡാണ് ശുഭശ്രീയുടെ ദേഹത്തേക്ക് വീണ് അപകടമുണ്ടായത്. 

തുടക്കത്തില്‍ നടപടിയെടുക്കാന്‍ പോലും തയാറാകാതിരുന്ന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പാത്രമായിരുന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്. മാത്രമല്ല ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനത്തിനു പിന്നാലെ ചെന്നൈയില്‍ അനധികൃത ബോര്‍ഡ് നീക്കല്‍ തകൃതിയായി നടക്കുകയാണ്. 

രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മൂവായിരത്തോളം ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ അധികൃതരും സിറ്റി പൊലീസും ചേര്‍ന്ന് ഇതുവരെ നീക്കം ചെയ്തത്. ഇത്തരം ബോര്‍ഡുകള്‍ കണ്ടെത്തി നീക്കം ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്.

ചെന്നൈ പള്ളിക്കരണിയില്‍ എഐഎഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിന് സ്ഥാപിച്ച ബോര്‍ഡ് മറിഞ്ഞുവീണാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശുഭശ്രീ (23) മരിച്ചത്. വ്യാഴാഴ്ച നടന്ന അപകടത്തെത്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകളും ബാനറുകളും നിരോധിച്ച ഉത്തരവ് നടപ്പാക്കാന്‍ എത്ര ജീവനുകള്‍ റോഡില്‍ പൊലിയണമെന്നു ചോദിച്ച കോടതി യുവതി മരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതിനെയും ചോദ്യം ചെയ്തിരുന്നു. ഒരു വിഷയത്തില്‍ നടപടിയെടുക്കാന്‍ ഒരു മരണം നടക്കണമെന്ന് ചിലര്‍ വിശ്വസിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. തുടര്‍ന്നാണ് അനധികൃത ബാനറുകള്‍ നീക്കം ചെയ്യാന്‍ അതിവേഗം നടപടിയെടുത്തത്.

പൊലീസും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പ്രത്യേക വാഹനത്തില്‍ ബോര്‍ഡുകള്‍ കണ്ടെത്താന്‍ വേണ്ടിമാത്രം റോന്തുചുറ്റുന്നുണ്ട്. മൂന്ന് സംഘങ്ങളെയാണ് ഇതിന് വേണ്ടി നിയോഗിച്ചിരിക്കുന്നത്. നഗരത്തെ 15 മേഖലകളായി തിരിച്ച് ഓരോ സംഘവും അഞ്ച് മേഖലകളില്‍ വീതം റോന്തുചുറ്റല്‍ നടത്തുന്നുണ്ട്.

ചെന്നൈയില്‍ നടപടികള്‍ ശക്തമാക്കിയെങ്കിലും മറ്റിടങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കുന്നതിന് കാര്യമായ നടപടികളില്ല. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് തടവുശിക്ഷ നല്‍കുന്നതരത്തില്‍ നിയമം കൊണ്ടുവരാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്.

എഐഎഡിഎംകെ മുന്‍ കൗണ്‍സിലര്‍ ജയഗോപാലിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് റോഡില്‍ സ്ഥാപിച്ച ബോര്‍ഡാണ് മറിഞ്ഞുവീണത്. സംഭവത്തെത്തുടര്‍ന്ന് ജയഗോപാല്‍ ഒളിവിലാണ്.

പ്രതിഷേധം കടുത്തതോടെയാണു ഭരണകക്ഷിയുടെ പ്രമുഖ നേതാവായ ജയഗോപാലിനെതിരെ കേസെടുത്തത്. അനധികൃത ഫഌ്‌സുകള്‍ നീക്കുന്നതില്‍ വീഴ്ച വരുത്തിയ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com